‘ഇത് നമ്മുടെ ഭവനം’ എന്ന പ്രമേയത്തിലാണ് ഔദ്യോഗിക ആഘോഷ പരിപാടികൾ. ഐക്യദാർഢ്യ സദസ്സൊരുക്കിയും രക്തം ദാനം നൽകിയുമാണ് മലയാളികളുടെ നേതൃത്വത്തിൽ ദേശീയ ദിനം ആഘോഷിക്കുന്നത്. സ്വദേശികൾക്കും വിദേശികൾക്കും താങ്ങും തണലുമായ സൗദി ഭരണാധികാരികൾക്ക് നന്ദി അറിയിച്ചു രാജ്യത്തിന്റെ 92ാം ദേശീയ ദിനത്തിൽ മലയാളി സമൂഹവും പങ്കുചെർന്നു. സാമൂഹിക, സാംസ്‌കാരിക കൂട്ടായ്മ റിയാദ് ടാക്കിസിന്റെ നേതൃത്വത്തിൽ കിംഗ് അബ്ദുല്ല പാർക്കിന് സമീപം വിവിധ പരിപാടികളാണ് ഒരുക്കിയത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പങ്കെടുത്ത ഘോഷയാത്രയും വാഹന ജാഥയും അരങ്ങേറി. സാംസ്‌കാരിക സമ്മേളനത്തിൽ നൗഷാദ് ആലുവ അധ്യക്ഷത വഹിച്ചു.‘അന്നം നൽകിയ രാജ്യത്തിന് ജീവരക്തം സമ്മാനം’ എന്ന പേരിൽ റിയാദ് കെഎംസിസി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. റിയാദ് സെൻട്രൽ ബ്ലഡ് ബാങ്കിൽ മുന്നൂറ് യൂനിച്ച് രക്തം ദാനം ചെയ്തു. അഷ്‌റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. കെഎംസിസി വനിതാ പ്രവർത്തകരും രക്തം ദാനം ചെയ്തു.ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ അൽ ഖസീം സെൻട്രൽ കമ്മിറ്റി സൗദി ബ്ലഡ് ബാങ്കിൽ രക്തം ദാനം നൽകിയാണ് ദേശീയ ദിനം ആഘോഷിച്ചത്. ‘രക്തം നൽകാം, സ്‌നേഹം നല്കാം’ എന്ന പേരിലായിരുന്നു പരിപാടി.പ്രവാസി മലയാളി ഫൌണ്ടേഷൻ മാലാസ് പെപ്പർ ട്രീയിൽ സംഘടിപ്പിച്ച പരിപാടിയിൽ പൗരപ്രമുഖൻ ബദർ അൽ അവാദ് കേക്ക് മുറിച്ച് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. സാംസ്‌കാരിക സമ്മേളനം ഡോ അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. ഷാജഹാൻ ചാവക്കാട് അധ്യക്ഷത വഹിച്ചു.ഗൾഫ് മലയാളി ഫെഡറേഷൻ അൽമാസ് ഓഡിറ്റോറിയത്തിലാണ് ദേശീയ ദിനം ആഘോഷിച്ചത്. സലിം അർത്തിയിൽ അധ്യക്ഷത വഹിച്ചു. റാഫി പാങ്ങോട് ഉദ്ഘാടനം ചെയ്തു. കേക്ക് മുറിച്ചും മധുരം വിളമ്പിയും സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുളളവർ ആഘോഷത്തിൽ പങ്കെടുത്തു.