വടക്കാഞ്ചേരിയില്‍ പതിറ്റാണ്ടുകളായി അടച്ചുപൂട്ടി കാടുകയറിക്കിടക്കുന്ന വാക്കാഞ്ചേരി പാലത്തിനു സമീപമുള്ള വഴിയോര വിശ്രമകേന്ദ്രം തുറന്നു പ്രവർത്തിപ്പിക്കാൻ ജില്ലാ ഭരണകൂടം അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സിപിഐ വടക്കാഞ്ചേരി ലോക്കൽ കമ്മറ്റി യോഗം ആവശ്യപ്പെട്ടു.
വർഷങ്ങൾക്കു മുമ്പ് സർക്കാർ ഖജനാവിൽ നിന്ന് ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച വഴിയോര വിശ്രമകേന്ദ്രം ഏതാനും വർഷങ്ങൾ മാത്രം പ്രവർത്തിപ്പിച്ച ശേഷം അടച്ചുപൂട്ടുകയായിരുന്നു. സർക്കാരിന് നഷ്ടമുണ്ടാക്കുക മാത്രമല്ല, സാമൂഹ്യ ദ്രോഹികളുടെ വിഹാര കേന്ദ്രമായി വഴിമുടക്കിക്കിടക്കുന്ന ഈ സ്ഥാപനം തുറന്നു പ്രവർത്തിപ്പിക്കാൻ ജില്ലാ ഭരണകൂടം നടപടികൾ സ്വീകരിക്കാത്ത പക്ഷം പ്രത്യക്ഷ സമരപരിപാടികൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ എ.എ റിയാസ് അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി കെ.എ. മഹേഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പാർട്ടി മണ്ഡലം സെക്രട്ടറി ഇ.എം.സതീശൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം എം.ആർ. സോമനാരായണൻ, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എം.എ. വേലായുധൻ എന്നിവർ സംസാരിച്ചു. ആഗസ്റ്റ് 24, 25, 26 തിയ്യതികളിൽ തൃപ്രയാറിൽ നടക്കുന്ന സി.പി.ഐ തൃശൂർ ജില്ലാ സമ്മേളന പരിപാടികൾ വിജയിപ്പിക്കുവാൻ യോഗം തീരുമാനിച്ചു.