Kerala

മൂക്കിൻ തുമ്പുകൊണ്ട് ഒട്ടേറെ കുറ്റകൃത്യങ്ങൾക്കു തുമ്പുണ്ടാക്കിയ റൂണിക്ക് ഇനി വിശ്രമ ജീവിതം.

Published

on

മൂക്കിൻ തുമ്പുകൊണ്ട് ഒട്ടേറെ കുറ്റകൃത്യങ്ങൾക്കു തുമ്പുണ്ടാക്കിയ റൂണിക്ക് ഇനി ‘വിശ്രാന്തി’യിൽ വിശ്രമ ജീവിതം. ആലുവ റൂറൽ ജില്ലാ പോലീസിലെ കെ9 ഡോഗ് സ്ക്വാഡ് അംഗമായ സെനോരയുടെ ഓമനപ്പേരാണ് റൂണി. 8 വർഷത്തെ സേവനത്തിനു ശേഷം റൂണി വിരമിച്ചു. സേനയിലെ മറ്റ് ഉദ്യോഗസ്ഥരെപ്പോലെ വിരമിച്ചാൽ വീട്ടിലേക്കു മടങ്ങേണ്ട സ്ഥിതിയില്ല റൂണിക്ക്. തൃശൂർ പോലീസ് അക്കാദമിയിലെ ഓൾഡ് ഏജ് ഹോമായ വിശ്രാന്തിയിൽ നിലവിലുള്ള സുഖസൗകര്യങ്ങളോടു കൂടി മരണം വരെ കഴിയാം. ലാബ്രഡോർ റിട്രീവർ ഇനത്തിൽപ്പെട്ട റൂണി 2014ൽ ഒരു വയസ്സുള്ളപ്പോഴാണു പോലീസിൽ എത്തിയതെന്ന് എസ്.പി വിവേക് കുമാർ പറഞ്ഞു. ഒരു വർഷത്തെ പരിശീലനത്തിനു ശേഷം ‘ട്രാക്കർ ഡോഗ്’ വിഭാഗത്തിൽ ജോലി തുടങ്ങി. കവർച്ച, കൊലപാതകം, ആളെ കാണാതാകൽ തുടങ്ങിയ കേസുകളിൽ പോലീസിന്‍റെ വഴികാട്ടിയായി. ഇപ്പോൾ 9 വയസ്സ്. എങ്കിലും ചുറുചുറുക്കിനു കുറവില്ല. യാത്രയയപ്പു ചടങ്ങിൽ എസ്ഐ സാബു പോളിനു സല്യൂട്ട് നൽകിക്കൊണ്ടായിരുന്നു റൂണിയുടെ വിടവാങ്ങൽ. ഡോഗ് സ്ക്വാഡിലെ മറ്റ് 5 നായ്ക്കൾ റൂണിയെ തിരികെ സല്യൂട്ട് ചെയ്തു സ്നേഹാദരം പ്രകടിപ്പിച്ചു. സീനിയർ സിപിഒമാരായ സി.പി ഹേമന്ത്, ഒ.ബി. സിമിൽ, കെ.എസ്. അഭിജിത്ത് എന്നിവരാണു റൂണിയെ പരിപാലിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version