യുക്രൈനിൽ വീണ്ടും റഷ്യയുടെ മിസൈലാക്രമണം. ഡിനിപ്രോയിലെ കെട്ടിടസമുച്ചയത്തിലുണ്ടായ ആക്രമണത്തിൽ പന്ത്രണ്ട് പേർ കൊല്ലപ്പെട്ടു. കീവിലും ഖാർക്കീവിലും ഒഡേസയിലും ആക്രമണം രൂക്ഷം. കിഴക്കൻ യുക്രൈൻ പ്രദേശമായ ഡിനിപ്രോയിൽ ഒൻപത് നിലക്കെട്ടിടത്തിലുണ്ടായ മിസൈലാക്രമണത്തിൽ പന്ത്രണ്ട് പേർ കൊല്ലപ്പട്ടതായാണ് റിപ്പോർട്ട്. പതിനാല് കുട്ടികൾ ഉൾപ്പെടം 73 പേർക്ക് പരുക്കേറ്റു. പ്രധാന വൈദ്യുതിനിലയങ്ങളിൽ മിസൈൽ പതിച്ചതിനെത്തുടർന്ന് പല പ്രദേശങ്ങളിലും വൈദ്യുതി പൂർണമായും നിലച്ചു. കെട്ടിടത്തിൽ കുടുങ്ങിയവരെ രക്ഷിക്കുന്നതിന് രാത്രിവൈകിയും ശ്രമം തുടർന്നു. തകർന്ന കെട്ടിടങ്ങൾക്ക് മുന്നിൽ നൂറുകണക്കിന് പേർ തടിച്ചുകൂടി. യുദ്ധത്തെ പ്രതിരോധിക്കാൻ പാശ്ചാത്യരാജ്യങ്ങൾ കൂടുതൽ ആയുധങ്ങൾ എത്തിക്കണമെന്ന് വ്‌ളോദിമിർ സെലൻസ്‌കി അഭ്യർത്ഥിച്ചു. യുക്രൈൻ സൈന്യത്തിന് കൂടുതൽ സഹായം എത്തിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് അറിയിച്ചു. എന്നാൽ യുക്രൈന് കൂടുതൽ ആയുധങ്ങൾ നൽകുന്നത് പ്രശ്‌നം കൂടുതൽ സങ്കീർണമാക്കുമെന്നും കടുത്ത പ്രത്യാഘാതം ഉണ്ടാകുമെന്നും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ മുന്നറിയിപ്പ് നൽകി.