ട്രെയിനിൽ നിന്നും വീണു ശബരിമല തീര്‍ത്ഥാടകന് ഗുരുതര പരുക്ക്. പാലരുവി എക്‌സ്പ്രസില്‍ നിന്ന് വീണ് തമിഴ്‌നാട് തെങ്കാശി പാളയം സ്വദേശി കറുപ്പസ്വാമിക്കാണ് പരുക്കേറ്റത്. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഉറക്കത്തിലായിരുന്ന കറുപ്പസ്വാമി ട്രെയിന്‍ ചെങ്ങന്നൂര്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ടു തുടങ്ങുമ്പോളാണ് ഉണരുന്നത്. സ്‌റ്റേഷന്‍ വിടുന്നതിന് മുമ്പ് ഇറങ്ങുന്നതിന് വേണ്ടി അദ്ദേഹം ട്രെയിനില്‍ നിന്നും ചാടുകയായിരുന്നു. ഇതിനിടെ ട്രെയിനിന് വേഗത കൂടുകയും ചെയ്തു. ഇതോടെ ട്രെയിനില്‍ നിന്ന് ചാടിയ കറുപ്പസ്വാമി പ്ലാറ്റ്‌ഫോമിലേക്കും ട്രെയിനിനും ഇടയിലേക്ക് വീഴുകയായിരുന്നു.ആളുകള്‍ ബഹളം വെച്ചതോടെ ട്രെയിന്‍ നിര്‍ത്തി. തുടര്‍ന്ന് ആര്‍പിഎഫും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ട്രെയിനിന്റെ ചവിട്ടുപടിയുടെ ഭാഗം മുറിച്ചുമാറ്റി കറുപ്പസ്വാമിയെ രക്ഷപ്പെടുത്തുകയായിരുന്നു. അരയ്ക്ക് താഴേക്ക് ഗുരുതരമായി പരുക്കേറ്റ കറുപ്പസ്വാമിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അന്തരിക അവയവങ്ങള്‍ക്കും പരുക്കേറ്റിട്ടുണ്ട്.