Kerala

ശബരിമല ശ്രീകോവിലിലെ ചോർച്ച: ദേവസ്വത്തിന്‍റേത് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്.

Published

on

ശബരിമല ശ്രീകോവിലിന് ചോർച്ചയുണ്ടായ സംഭവത്തിൽ ദേവസ്വം ബോർഡിന് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്. മൂന്ന് മാസം മുമ്പ് എക്സിക്യൂട്ടീവ് ഓഫീസർ പ്രശ്നം റിപ്പോർട്ട് ചെയ്തിട്ടും ബോർഡ് നടപടി എടുക്കാത്തതാണ് പ്രശ്നം സങ്കീർണമായതിന് കാരണം. വിഷുമാസ പൂജകൾക്ക് നട തുറന്നപ്പോൾ തന്നെ ശ്രീകോവിലിന്‍റെ മുന്നിലെ ദ്വാരപാലക ശില്പങ്ങളിലേക്ക് വെള്ളം വീഴുന്നത് ശ്രദ്ധയിൽ വന്നതാണെന്ന് ദേവസ്വം പ്രസിഡന്‍റ് കെ അനന്തഗോപൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഏപ്രിൽ മാസത്തിൽ കണ്ടെത്തിയ ചോർച്ചയുടെ തീവ്രത മൂന്ന് മാസങ്ങൾക്കിപ്പുറം മാധ്യമ വാർത്തകൾക്ക് ശേഷമാണ് ദേവസ്വം ബോർഡ് ഗൗരവത്തിലെടുത്തിരിക്കുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന കൃഷ്ണകുമാര വാര്യരാണ് മേൽക്കൂരയുടെ ചോർച്ച പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് അന്ന് ബോർഡിനെ സമീപിച്ചത്. സ്വർണ പാളികൾ പതിച്ച മേൽക്കൂര പൊളിക്കുന്നതിന് ഹൈക്കോടതിയുടെ അനുമതി തേടണമെന്ന് ഒരു മാസം മുമ്പ് തിരുവാഭരണ കമ്മീഷണർ ജി ബൈജുവും ബോർഡിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സ്പോൺസർമാരെ കണ്ടെത്തി ശ്രീകോവിൽ നവീകരിക്കുന്നതിനെ പറ്റി ആലോചിച്ചത്. എന്നാൽ ഇപ്പോൾ ബോർഡ് തന്നെ നിർമ്മാണം നടത്താം എന്ന തീരുമാനത്തിലെത്തിയതിലൂടെ സാമ്പത്തിക പ്രതിസന്ധിയില്ലെന്നത് വ്യക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version