പൊതുവിദ്യാലയങ്ങളെ സർവ്വകലാശാലകളുടെ നിലവാരത്തിലേയ്ക്ക് ഉയർത്തുന്ന പദ്ധതിയാണ് സകലകല എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു. മാടായിക്കോണം പി കെ ചാത്തൻ മാസ്റ്റർ സ്മാരക ഗവ.യു പി സ്കൂളിന്റെ അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ ഭാഗമായുള്ള തനത് പദ്ധതി സകലകലയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കൂട്ടായ്മയുടെ കരുത്ത് കൊണ്ട് പരിമിതികളെ അതിജീവിക്കാനും മികച്ച വിദ്യാലയ മാതൃകകൾ സൃഷ്ടിക്കാനും സംസ്ഥാനത്തിന് സാധിച്ചു. കലാകായിക പ്രവർത്തനങ്ങൾ കുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും അവർക്ക് പൊതുവായി ഇടപ്പെടാനുള്ള ഊർജ്ജം നൽകുമെന്നും മന്ത്രി പറഞ്ഞു. സകലകലാ പദ്ധതിയുടെ ഭാഗമായി ബാന്റ്, ശിൽപ്പകല, ചെണ്ട, സംഗീതം, ചിത്രരചന, ഡാൻസ്, കരാട്ടെ എന്നീ ഇനങ്ങളിലുള്ള പരിശീലനമാണ് ആദ്യഘട്ടത്തിൽ വിദ്യാർത്ഥികൾക്ക് നൽകുന്നത്. പഠനമികവിന് ഒപ്പം തന്നെ വിദ്യാർത്ഥികളിലെ കലാപരമായ ശേഷികളുടെ വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കേരള സംസ്ഥാന ശിശുക്ഷേമ സമിതി നടത്തിയ സംസ്ഥാന തല ഉപന്യാസ മത്സര വിജയി ഹൃദ്യ സി എസ്, എസ്.എസ്.എൽ. സി.പരീക്ഷയിൽ മികച്ച വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികളായ കൃഷ്ണേന്ദു കെ എസ്, അഭിരാം അജയൻ എന്നിവരെ ചടങ്ങിൽ ഉപഹാരം നൽകി മന്ത്രി അനുമോദിച്ചു. നഗരസഭ മുൻസിപ്പൽ ചെയപേഴ്സൺ സോണിയ ഗിരി അധ്യക്ഷയായ ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ അംബിക പള്ളിപ്പുറത്ത്, വാർഡ് പ്രതിനിധി ലിജി എ എസ്., എ. ഇ. ഒ. നിഷ എം സി, സ്കൂൾ പ്രധാനധ്യാപിക മിനി കെ വേലായുധൻ എന്നിവർ പങ്കെടുത്തു.