അസം സ്വദേശിയായ നസ്റുള്‍ ഇസ്ലാം ആണ് പിടിയിലായത്. വിപണിയില്‍ അഞ്ച് ലക്ഷം വില വരുന്ന ഹെറോയിനാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. പെരുമ്പാവൂര്‍ അറക്കപ്പടിയില്‍ നിന്നാണ് എക്‌സൈസ് സംഘം നസ്റുള്‍ ഇസ്ലാമിനെ പിടിച്ചത്. 181 കുപ്പികളിലാക്കി സൂക്ഷിച്ചിരുന്ന ഹെറോയിനാണ് എക്‌സൈസ് സംഘം കണ്ടെത്തിയത്. പ്രദേശത്തും വിവിധ ഭാഷാ തൊഴിലാളികള്‍ക്കിടയിലും വ്യാപകമായി മയക്കു മരുന്ന് ഉപയോഗം ഉണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. അസമില്‍ നിന്നു തന്നെയാണ് പ്രതി കേരളത്തില്‍ ലഹരി വസ്തു എത്തിച്ചതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ചെറിയ മരുന്ന് കുപ്പികളിലാണ് ഹെറോയില്‍ സൂക്ഷിച്ചിരുന്നത്. ഒരു കുപ്പിക്ക് 1500 രൂപ മുതല്‍ 2500 രൂപ വരെയാണ് പ്രതി ആവശ്യക്കാരില്‍ നിന്ന് ഈടാക്കിയിരുന്നത്. പ്രദേശങ്ങളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി വസ്തു ഇയാള്‍ വിറ്റിരുന്നോ എന്നും അന്വേഷണം നടക്കുകയാണെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.