Kerala

അന്താരാഷ്ട്ര മുതിര്‍ന്ന പൗരന്മാരോടുള്ള അധിക്ഷേപ നിരോധന ബോധവത്ക്കരണ ദിനാചാരത്തിന്റെ ഭാഗമായി ജില്ലാ സാമൂഹ്യ നീതി ഓഫീസിന്റെയും ജില്ലാ സാമൂഹ്യ സുരക്ഷ ഓഫീസിന്റെയും നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.

Published

on

ബാലഭവനില്‍ നടന്ന പൊതുസമ്മേളനം എംഎല്‍എ പി ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മേയര്‍ എം കെ വര്‍ഗീസ് അധ്യക്ഷതവഹിച്ച പരിപാടിയില്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി ആന്റ് സബ് ജഡ്ജ് മഞ്ജിത് ടി മുഖ്യാതിഥിയായി പരിപാടിയില്‍ പങ്കെടുത്തു. മാതാ പിതാ ഗുരു ദൈവം എന്ന നമ്മുടെ സംസ്‌കാരത്തിന്റെ ദര്‍ശനം നമ്മള്‍ ഓരോരുത്തര്‍ക്കും ഉണ്ടാവണമെന്നും എങ്കില്‍ മാത്രമേ വയോജനങ്ങള്‍ക്കെതിരെ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുകയുള്ളുവെന്നും എംഎല്‍എ പി ബാലചന്ദ്രന്‍ അറിയിച്ചു. വരുമാനമുണ്ടായിട്ടും മാതാപിതാക്കളെ തിരിഞ്ഞു നോക്കാത്ത മക്കളോട് അവരെ സംരക്ഷിക്കണം എന്ന നിയമപരീക്ഷ നല്‍കാന്‍ ട്രിബ്യൂണലുകളും മറ്റും ഉണ്ടെന്നും എന്നാല്‍ സ്‌നേഹ പരിരക്ഷയാണ് അത്യാവശ്യം വേണ്ടതെന്നും പറഞ്ഞ എംഎല്‍എ പ്രായമായ ഓരോ മാതാപിതാക്കളും തങ്ങളുടെ മുതല്‍ക്കൂട്ടായി കാണാന്‍ ശ്രമിക്കണം എന്ന ബോധവത്ക്കരണദിന സന്ദേശവും നല്‍കി. പണ്ട് വൃദ്ധസദനങ്ങളുടെ ആവശ്യം ഉണ്ടായിരുന്നില്ലെന്നും ഇന്ന് അവ ഇല്ലാതെ പറ്റില്ല എന്ന അവസ്ഥയാണെന്നും മേയര്‍ എം കെ വര്‍ഗീസ് പറഞ്ഞു. ഓരോരുത്തരും അവരവരുടെ മനസ്സില്‍ ഈ ദിനത്തിന്റെ ആവശ്യകത ഓര്‍ത്തു പ്രവര്‍ത്തിച്ചാല്‍ മാത്രമേ ബോധവത്കരണം നടക്കൂ എന്നും അദ്ദേഹം അറിയിച്ചു. ജില്ലാ സാമൂഹിക നീതി ഓഫീസില്‍ നിന്നും ആരംഭിച്ച വാഹന പ്രചാരണ ജാഥ മെയിന്റനന്‍സ് ട്രിബൂണല്‍ പ്രിസൈഡിങ് ഓഫീസറും റവന്യൂ ഡിവിഷണല്‍ ഓഫീസറുമായ വിഭൂഷണന്‍ പി എ ഫ്‌ളാഗ് ഓഫ് ചെയ്തു. വയോജന സംരക്ഷണം ഉറപ്പിക്കുന്നതിന് നിയമ പരിരക്ഷ നല്‍കാന്‍ ട്രിബൂണലുകള്‍ എപ്പോഴും കൂടെയുണ്ടെന്ന് അദ്ദേഹം അറിയിച്ചു. വയോജന സംഘടനകളും വിവിധ കോളേജിലെ എന്‍ എസ് എസ് വോളന്റിയര്‍മാരും വാഹന പ്രചാരണ ജാഥയില്‍ പങ്കെടുത്തു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന ഫ്‌ലാഷ് മോബിന്റെ സമാപനം വടക്കേ സ്റ്റാന്റില്‍ നടന്നു. വയോജന സംരക്ഷണം, അവര്‍ക്കെതിരായ ചൂഷണം എന്നീ ആശയങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഫ്‌ലാഷ് മോബ് നടന്നത്.
ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ കെ ജി രാഗപ്രിയ, മറ്റു ഓഫീസര്‍മാരായ അസ്ഗര്‍ഷ, പ്രദീപന്‍, സിനോ സേവി, സുരക്ഷ മിഷന്‍ കോര്‍ഡിനേറ്റര്‍ സജീവന്‍, ബാലന്‍ പി പി, കെ പി റപ്പായി, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version