Local

ശക്തന്‍ പുലിക്കളി സംഘം മെയ്യെഴുത്ത് പരിപാടി ഉദ്ഘാടനം ചെയ്ത് സുരേഷ്ഗോപി.

Published

on

തൃശ്ശൂര്‍ ശക്തന്‍ പുലിക്കളി സംഘത്തിന്‍റെ മെയ്യെഴുത്ത് പരിപാടിയില്‍ പങ്കെടുത്ത് നടനും മുന്‍ എം.പിയുമായ സുരേഷ് ഗോപി. ഒരു കുട്ടി പുലിയ്ക്കടക്കം നാല് പുലികള്‍ക്ക് പുലിക്കണ്ണ് വരച്ചുകൊണ്ട് സുരേഷ് ഗോപി മെയ്യെഴുത്ത് ഉദ്ഘാടനം ചെയ്തു. പുലിക്കളിയുടെ പ്രചാരണം ലക്ഷ്യം വെച്ചായിരുന്നു ശക്തന്‍ പുലിക്കളി സംഘം മെയ്യെഴുത്ത് സംഘടിപ്പിച്ചത്. പുലിക്കളിയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ എല്ലാവര്‍ക്കും പറഞ്ഞു നല്‍കുക എന്ന ലക്ഷ്യം കൂടി മെയ്യെഴുത്ത് സംഘടിപ്പിച്ചതിനുണ്ട്. പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച ശേഷം, പുലിത്താളത്തിനൊപ്പം ഇളകിയാടിയ പുലിച്ചുവടുകള്‍ കണ്ട് നടന്‍ ആസ്വദിച്ച് നിന്നു. ഇനി മുന്നോട്ടുള്ള കാലങ്ങളില്‍ വലിയ ആഘോഷങ്ങള്‍ ഉണ്ടാകില്ല എന്ന് കരുതിയ ഇടത്തില്‍ നിന്നാണ് പുലിക്കളി ഉള്‍പ്പെടെയുള്ളവയുടെ തിരിച്ചു വരവെന്ന് സുരേഷ് ഗോപി പറഞ്ഞു. ചടങ്ങില്‍ കൗണ്‍സിലര്‍ റെജി ജോയ് ചാക്കോള അദ്ധ്യക്ഷനായി. വെളിയന്നൂര്‍ സ്വദേശികളായ കദിരേശന്‍, പരമു, പാട്ടുരായ്ക്കല്‍ സ്വദേശി സന്തോഷ് എന്നിവര്‍ക്കൊപ്പം അഞ്ചാം ക്ലാസുകാരനായ പുതൂര്‍ക്കര സ്വദേശി ആദിന്‍ അനുരാജും പുലി വേഷമണിഞ്ഞു. അശോകന്‍ പെരിങ്ങാവ്, പ്രേംജി കുണ്ടുവാറ, കുട്ടപ്പന്‍ വെളിയന്നൂര്‍, പ്രകാശന്‍ പാട്ടുരായ്ക്കല്‍, ബാലസു, രഘു കാനാട്ടുകര തുടങ്ങിയവരാണ് മെയ്യെഴുത്തിന് നേതൃത്വം നല്‍കിയത്.
പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഓണാശംസ നേര്‍ന്ന ശേഷമാണ് സുരേഷ് ഗോപി മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version