Kerala

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് പുറത്തിറക്കിയ ഷവര്‍മ മാര്‍ഗനിര്‍ദേശം പ്രാബല്യത്തില്‍

Published

on

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് പുറത്തിറക്കിയ ഷവര്‍മ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സുരക്ഷിതമായ ആഹാരം ഉറപ്പ് വരുത്തുന്നതിനാണ് ശ്രമിക്കുന്നത്. വൃത്തിഹീനമായ സാഹചര്യത്തില്‍ ഷവര്‍മ പാകം ചെയ്യുവാനോ വില്‍ക്കാനോ പാടില്ല. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ സംസ്ഥാന വ്യാപകമായി പരിശോധനകള്‍ ശക്തമാക്കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. ഷവര്‍മ തയ്യാറാക്കുന്നതിലും വില്‍ക്കുന്നതിലും ഏര്‍പ്പെട്ടിരിക്കുന്ന ഹോട്ടലുകളും റെസ്‌റ്റോറന്‍റുകളും തെരുവ് ഭക്ഷണ കച്ചവടക്കാരും ഉള്‍പ്പെടെ എല്ലാവരും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ഷവര്‍മ തയ്യാറാക്കുന്ന സ്ഥലം, ഷവര്‍മയ്ക്ക് ഉപയോഗിക്കുന്ന ഉപകരണം, വ്യക്തി ശുചിത്വം, ഷവര്‍മ തയ്യാറാക്കല്‍ എന്നിവ സംബന്ധിച്ചുള്ള വിശദമായ മാര്‍ഗനിര്‍ദേശങ്ങളാണ് പുറത്തിറക്കിയത്. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാത്ത ഒരു സ്ഥാപനവും അനുവദിക്കില്ല. മാര്‍ഗനിര്‍ദേശങ്ങളില്‍ നിന്നും വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ അപ്പോള്‍തന്നെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. എഫ്.എസ്.എസ്. ആക്ട് പ്രകാരം ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാതെ ഒരു വ്യക്തിയും ഏതെങ്കിലും ഭക്ഷ്യ ബിസിനസ് ആരംഭിക്കുകയോ കൊണ്ടുപോകുകയോ ചെയ്യരുത്. നിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ 5 ലക്ഷം രൂപ വരെ പിഴയോ ആറ് മാസം തടവോ ലഭിക്കാം.

നല്ല ഭക്ഷണം നാടിന്‍റെ അവകാശം എന്ന കാമ്പയിന്‍റെ ഭാഗമായി ഓണത്തോടനുബന്ധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. പരിശോധനയ്ക്കായി പ്രത്യേക സ്‌ക്വാഡുകളെ സജ്ജമാക്കി വരുന്നു. ജില്ലകളില്‍ അസിസ്റ്റന്‍റ് ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ നേതൃത്വത്തില്‍ പല ടീമുകളായി തിരിച്ചാണ് സ്‌ക്വാഡുകള്‍ സജ്ജമാക്കുന്നത്. ചെക്ക് പോസ്റ്റുകള്‍ കേന്ദ്രീകരിച്ചും കടകളും കച്ചവട സ്ഥാപനങ്ങളും ഹോട്ടലുകളും കേന്ദ്രീകരിച്ചും പരിശോധന നടത്തുന്നതാണ്. രാത്രികാല പരിശോധനയുമുണ്ടാകും. ചെക്ക് പോസ്റ്റുകള്‍ കേന്ദ്രീകരിച്ച് പാല്‍, പച്ചക്കറികള്‍, മത്സ്യം എന്നിവയാണ് പരിശോധിക്കുന്നത്. ശര്‍ക്കര, അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി, പപ്പടം, ചെറുപയര്‍, നെയ്യ്, വെളിച്ചണ്ണ തുടങ്ങിയ ഓണക്കാല വിഭവങ്ങളും പ്രത്യേകമായി പരിശോധിക്കുന്നതാണ്. എന്തെങ്കിലും മായം കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും. പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ 1800 425 1125 എന്ന നമ്പരില്‍ വിളിക്കാവുന്നതാണ്.

Advertisement

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version