മാവൂർ മത്സ്യമാംസ വിപണന കേന്ദ്രത്തിന് സമീപം കട കുത്തിത്തുറന്ന് മോഷണം. മാളിയേക്കൽ സൂപ്പർ മാർക്കറ്റിന്റെ ഷട്ടര്‍ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തു കയറിയത്. രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം കടയുടമ അറിയുന്നത്. തുടർന്ന് മാവൂർ പൊലീസിൽ വിവരമറിയിച്ചു. കടയിലെ സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.പുലർച്ചെ 2.30 നു ശേഷമാണ് മോഷ്ടാവ് കടയിൽ കയറിയതായി ദൃശ്യത്തിലുള്ളത്. കടയിൽ കയറിയ മോഷ്ടാവ് മേശയുടെ പൂട്ട് തകർത്ത് പണം കവർന്നിട്ടുണ്ട്. ഏകദേശം അറുപതിനായിരം രൂപയോളം നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. മാവൂർ പൊലീസ് സിസിടിവി പരിശോധിച്ച് അന്വേഷണം ആരംഭിച്ചു.