കൊച്ചി നഗരത്തിലെ വ്യാപാരശാലകളിൽനിന്ന് സാധനങ്ങൾ വാങ്ങി ഓൺലൈൻ പണമിടപാടിലൂടെ പണം അടച്ചതായി കാണിച്ച് തട്ടിപ്പ് നടത്തുന്ന സംഘം പിടിയിൽ. കൂത്താട്ടുകുളം മണ്ണത്തൂർ തറേക്കുടിയിൽ നിമിൽ ജോർജ് (22), പിറവം ഓണശ്ശേരിൽ ബിട്ടോ ബാബു (21), പിറവം മുളക്കുളം കുന്നേൽ ശ്രീഹരി പ്രകാശ് (23) എന്നിവരെയാണ് സെൻട്രൽ എസ്.എച്ച്.ഒ. എസ്. വിജയശങ്കറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.സാധനങ്ങൾ വാങ്ങിയ ശേഷം പണം നൽകാനായി പ്രതികൾ ക്രെഡിറ്റ് കാർഡ് നൽകും. കാർഡുകൾ പ്രവർത്തിക്കുന്നില്ലെന്ന പേരിൽ സ്ഥാപനത്തിന്റെ അക്കൗണ്ടുവഴി പണം അടയ്ക്കാമെന്നു പറഞ്ഞ് വിവരങ്ങൾ ശേഖരിക്കും. തുടർന്ന് മൊബൈലിൽ പ്രത്യേക ആപ്ലിക്കേഷനിലൂടെ പണം കൈമാറിയതായി വ്യാജരേഖ കാണിച്ച ശേഷം സാധനങ്ങളുമായി സ്ഥലംവിടും.പണം ബാങ്കിൽ വന്നില്ലെന്ന് മനസ്സിലാക്കിയപ്പോഴാണ് കടയുടമകൾ പോലീസിൽ പരാതിയുമായി എത്തുന്നത്. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ ചിത്രം കടകളിൽ നൽകിയിരുന്നു. ബുധനാഴ്ച നഗരത്തിലെ ഒരു സ്ഥാപനത്തിലെത്തിയ പ്രതികളെ തിരിച്ചറിഞ്ഞ ജീവനക്കാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.നഗരത്തിലെ പ്രമുഖ വാച്ച് സെന്റർ, മൊബൈൽ കടകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ പ്രതികൾ തട്ടിപ്പു നടത്തിയിട്ടുണ്ട്. പല സ്റ്റേഷനുകളിലും കേസുകളുമുണ്ട്. പ്രതികളെ പിടിച്ചതറിഞ്ഞ് നിരവധി പേർ സെൻട്രൽ പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.