സാമൂഹിക പ്രവര്‍ത്തകനും അഭിഭാഷകനുമായ പി. എ. സൈറസ് അന്തരിച്ചു.95 വയസായിരുന്നു. മാര്‍ത്തോമാ സഭയുടെ 2022ലെ മാനവ സേവാ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.അഞ്ചു പതിറ്റാണ്ടോളം കേരളം, ഒറീസ, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ആന്ധ്രാ തുടങ്ങിയ സംസ്ഥാനങ്ങളിലെ ദരിദ്ര ഗ്രാമങ്ങളില്‍ സുവിശേഷദൗത്യം നിര്‍വഹിച്ച പി. എ സൈറസ് നിസ്വാര്‍ത്ഥ ജീവിതത്തിന് ഉടമയായിരുന്നു. തിരുവനന്തപുരം പേരൂര്‍ക്കട എബനേസര്‍ മാര്‍ത്തോമ്മാ ഇടവകയില്‍ പനക്കല്‍ പി. എ. സൈറസ് അഭിഭാഷകനായാണ് പൊതുജീവിതം ആരംഭിച്ചത്.ഫിലോസഫിയില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി തിരുവനന്തപുരം ഏജീസ് ഓഫീസില്‍ ഉദ്യോഗസ്ഥനായെങ്കിലും ജോലി ഉപേക്ഷിച്ചു. പാവപ്പെട്ടവര്‍ക്ക് നീതി ലഭ്യമാക്കാന്‍ പിന്നീട് അഭിഭാഷകവൃത്തിയിലേക്ക് തിരിഞ്ഞു. 1973 മുതല്‍ പൊതുപ്രവര്‍ത്തനത്തില്‍ സജീവമായി. കുഷ്ഠരോഗികളുടെ പുനരധിവാസത്തിലും ആദിവാസികളുടെ വിമോചനത്തിനായുള്ള പോരാട്ടങ്ങളിലും പങ്കാളിയായി. നാല് പതിറ്റാണ്ടോളം ഉത്തരേന്ത്യയിലെ ആദിവാസികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചു. സ്‌കൂളുകളും സ്‌കൂള്‍ സൗകര്യമുള്ള പ്രദേശങ്ങളില്‍ ഹോസ്റ്റലുകളും തുടങ്ങി.മാര്‍ത്തോമ്മാ സ്റ്റുഡന്‍സ് കോണ്‍ഫറന്‍സ് ഉള്‍പ്പെടെ യുവജന കൂട്ടായ്മകളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു സൈറസ്. കെ. എസ്.ഇ. ബിയില്‍ നിന്ന് വിരമിച്ച അന്നമ്മ സൈറസാണ് ഭാര്യ. എബി, എസി എന്നിവര്‍ മക്കളാണ്. സംസ്‌കാര ചടങ്ങുകള്‍ ശനിയാഴ്ച പാറ്റൂര്‍ സെന്റ് തോമസ് മാര്‍ത്തോമ ചര്‍ച്ചില്‍ നടക്കും.