ഈറോഡ്; സ്കൂളിൽ പോകാൻ നിർബന്ധിച്ച മാതാവിനെ 14 വയസ്സുകാരൻ തലയ്ക്കടിച്ചു കൊലപ്പെടുത്തിയാതായി റിപ്പോർട്ട്. അമ്മയെ കല്ലുകൊണ്ടാണ് തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. സർക്കാർ ഉദ്യോഗസ്ഥയായ യുവതിയാണ് ഒൻപതാം ക്ലാസ് വിദ്യാർഥിയായ മകന്റെ ആക്രമണത്തിൽ മരിച്ചത്. ഇവർക്ക് 36 വയസായിരുന്നു. സ്വകാര്യ സ്കൂളിലെ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന മകൻ തിങ്കളാഴ്ച സ്‌കൂളിൽ പോകാൻ തയാറാകാത്തതിനെ തുടർന്ന് അമ്മ അവനെ ശാസിക്കുകയും കോയമ്പത്തൂരിൽ ജോലി ചെയ്യുന്ന പിതാവിനെ വിവരം അറിയിക്കുകയുമായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് കഴിഞ്ഞ ദിവസം മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയെ ഏതാണ്ട് രാത്രി ഒരു മണിയോടെ മുറിയിൽ കടന്ന മകൻ സിമന്റ് കട്ട കൊണ്ട് അമ്മയുടെ തലയിൽ ഇടിച്ചു കൊന്നത്. ശബ്ദം കേട്ട മകളാണു ഇക്കാര്യം ബന്ധുക്കളെ അറിയിച്ചത്. ബന്ധുക്കൾ എത്തിയപ്പോഴേക്കും അമ്മ മരിച്ചിരുന്നു. തുടർന്ന് മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിക്കാലം തൊട്ടേ മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന മകനെ പ്രതീക്ഷിക്കാതെ ഒരു ദിവസം ഹോസ്റ്റലിലേക്കു മാറ്റിയതോടെ കുട്ടിയുടെ മാനസികനില തെറ്റിയിട്ടുണ്ടോയെന്നു സംശയിക്കുന്നതായി ജില്ലാ ശിശു സംരക്ഷണ സമിതി അധികൃതർ അറിയിച്ചു. മാത്രമല്ല സ്കൂൾ ഹോസ്റ്റൽ അധികൃതരെയും ചോദ്യം ചെയ്യുമെന്നും പോലീസ് പറഞ്ഞു.