തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക ട്വന്റി 20 മത്സരം കാണാൻ മാസ്ക് നിർബന്ധം. 38000 പേർക്ക് കളികാണാൻ അവസരമുണ്ട്. ടിക്കറ്റുകളെല്ലാം വിറ്റുപോയതായി കെ.സി.എ. അധികൃതർ അറിയിച്ചു. വൈകീട്ട് 4.30 മുതൽ സ്റ്റേഡിയത്തിൽ പ്രവേശിക്കാം. സ്റ്റേഡിയത്തിൽ കയറാൻ ടിക്കറ്റിനൊപ്പം തിരിച്ചറിയൽ കാർഡും കാണിക്കണം.കാര്യവട്ടം സ്റ്റേഡിയത്തിൽ നടക്കുന്ന നാലാമത് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരമാണിത്. ഓസ്ട്രേലിയക്കെതിരായ പരമ്പരവിജയത്തിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയോട് ഏറ്റുമുട്ടാനൊരുങ്ങുന്നത്. ബുധനാഴ്ച വൈകീട്ട് ഏഴുമണിക്കാണ് മത്സരം. 4.30 മുതൽ കാണികൾക്ക് പ്രധാന കവാടം വഴി സ്റ്റേഡിയത്തിലെത്താം.സ്റ്റേഡിയത്തിലെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. നാലു ടവറുകളിലായി എട്ട് ഫ്ളഡ്ലിറ്റുകളാണ് സ്റ്റേഡിയത്തിലുള്ളത്. മത്സരത്തിനായി മൂന്ന് പ്രധാന പിച്ചുകളും പരിശീലനത്തിനായി ആറു പിച്ചുകളും തയ്യാറാക്കിയിട്ടുണ്ട്. മികച്ച ബാറ്റിങ് പോരാട്ടം പ്രതീക്ഷിക്കുന്ന റണ്ണൊഴുകുന്ന പിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. സുരക്ഷാ, ഗതാഗത ചുമതലയ്ക്കായി സിറ്റി പോലീസ് കമ്മിഷണർ സ്പർജൻ കുമാറിന്റെ നേതൃത്വത്തിൽ 1500 പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്.