പൊതുജനം പ്രക്ഷോഭം കടുപ്പിച്ചതോടെ ശ്രീലങ്കിൽ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സംഘര്‍ഷമേഖലകളില്‍ കര്‍ഫ്യൂവും പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രസിഡന്‍റിന്‍റെ രാജി വൈകുന്നതോടെയാണ് ജനകീയ പ്രതിഷേധം വീണ്ടും കനത്തത്. നിലവിൽ മുൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയെ ആക്ടിംഗ് പ്രസിഡന്‍റായി നിയമിച്ചതായി സ്പീക്കർ അറിയിച്ചു. അതിനിടെ പ്രക്ഷോഭകാരികൾ പാര്‍ലമെന്‍റും പ്രധാനമന്ത്രിയുടെ ഓഫീസും വളഞ്ഞിരിക്കുകയാണ്. ആയിരക്കണക്കിന് ആളുകളാണ് പ്രധാനമന്ത്രിയുടെ ഓഫീസിന് മുൻപിൽ തടിച്ച് കൂടിയിരിക്കുന്നത്. പ്രതിഷേധക്കാരെ നേരിടുന്നതിനായി കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്. പ്രസിഡന്‍റ് ഗോട്ടബായ രജപക്സെ രാജിവെക്കില്ല എന്ന നിലപാട് വന്നതോടെയാണ് ജനം പ്രതിഷേധം കടുപ്പിച്ചത്. പ്രസിഡന്‍റ് രാജിവെക്കാതെ മറ്റൊരു ഉപാധിയും അംഗീകരിക്കില്ല എന്ന നിലപാടിലാണ് പ്രതിഷേധക്കാർ. രജപക്സെ രാജിവെയ്ക്കുന്നതുവരെ പ്രതിഷേധം തുടരാനാണ് സമരക്കാരുടെ തീരുമാനം. പ്രസിഡന്‍റിന്‍റെ കൊട്ടാരം, ഓഫീസ്, പ്രധാനമന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളിലായിരുന്നു ഇതുവരെ സമരക്കാർ പ്രതിഷേധം നടത്തിയത്. എന്നാൽ ഇപ്പോള്‍ പ്രതിഷേധം പാര്‍ലമെന്‍റ് മന്ദിരത്തിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാജിവയ്ക്കുമെന്നായിരുന്നു പ്രസിഡന്‍റ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം രജപക്സെ ചില ഉപാധികള്‍ മുന്നോട്ട് വെച്ചു.