പ്രതിഷേധങ്ങൾക്കിടെ ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റു. ഭാര്യ രേണു രാജിൽ നിന്നാണ് ശ്രീറാം ആലപ്പുഴയുടെ ചുമതല ഏറ്റെടുത്തത്. അതേസമയം ആലപ്പുഴയുടെ 54 മത് കളക്ടർ ആയി ശ്രീറാം വെങ്കിട്ടരാമൻ എത്തുമ്പോൾ വിവിധ കോണുകളിൽ നിന്നാണ് പ്രതിഷേധം ഉയരുന്നത്. മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ശ്രീറാമിനെതിരായ പ്രതിഷേധം ശക്തമാക്കനാണ് കോൺഗ്രസ് തീരുമാനം. ഇതിന്റെ ഭാഗമായി കളക്ട്രേറ്റിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രീറാമിനെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ധിക്കാരവും അഹങ്കാരവും കൈമുതലാക്കിയ സർക്കാർ നടപടിക്ക് പിന്നിൽ ഗൂഢലക്ഷ്യമുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. വരും ദിവസങ്ങളിലും ബഹിഷ്കരണമടക്കമുള്ള ശക്തമായ പ്രതിഷേധങ്ങൾ ശ്രീറാമിനെതിരെ ഉയർത്തുമെന്ന നിലപാടിലാണ് കോൺഗ്രസ്. വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്നാണ് ശ്രീറാം വെങ്കട്ടരാമൻ മാധ്യമങ്ങളോട് പറഞ്ഞത്.