പെരിങ്ങനാട് : കല്ലേറില്‍ വീടിന്റെ ഓടുകള്‍ ഉടയുകയാണ്, വീടിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന കുട്ടികളുടെ ബാഗും പുസ്തകവും അഗ്നിക്കിരയാകുന്നു. വിചിത്രമാണ് കാര്യങ്ങള്‍, ആരാണ് എറിഞ്ഞതെന്നും തീവച്ചതെന്നും അറിയില്ലെന്ന് വീട്ടുകാര്‍. പൊലീസും നാട്ടുകാരും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താന്‍ കഴിയുന്നില്ല. പെരിങ്ങനാട് പുത്തന്‍ച്ചന്തയ്ക്ക് പടിഞ്ഞാറ് മലമുകളില്‍ വടക്കതില്‍ ബിനുവിന്റെ വീട്ടിലാണ് അജ്ഞാതന്റെ ഏറും തീവെയ്പും നടക്കുന്നത്. ബിനുവും അച്ഛന്‍ ബാബു, അമ്മ സൂസമ്മ, ഏഴിലും നാലിലും പഠിക്കുന്ന മക്കളായ ആന്‍സണ്‍, ആരോണ്‍ എന്നിവരാണ് ഇവിടെ താമസിക്കുന്നത്. വീടിന്റെ ഓട് മുഴുവന്‍ കല്ല് വീണ് പൊട്ടി. വീട്ടില്‍ ആളുള്ളപ്പോള്‍ തന്നെയാണ് കല്ല് വീഴുന്നത്. എന്നാല്‍ കല്ല് എവിടെ നിന്ന് വരാന്‍ കാണാന്‍ കഴിയുന്നില്ലെന്നതാണ് വിചിത്രം. ആളുകള്‍ നില്‍ക്കുമ്ബോഴും കല്ല് വീഴുന്ന ശബ്ദം കേള്‍ക്കാം. കഴിഞ്ഞ ദിവസം വീടിനുള്ളില്‍ ഇരുന്ന മക്കളുടെ പുസ്തകവും ബാഗും മെത്തയും കത്തി. വീട്ടുകാര്‍ മുറ്റത്ത് നില്‍ക്കുന്ന സമയത്തായിരുന്നു സംഭവം. പുറത്ത് നിന്നാരെങ്കിലും കല്ലെടുത്തെറിഞ്ഞാണ് ഓട് പൊട്ടിയതെന്ന് കരുതിയാലും വീടിനകത്തിരുന്ന വസ്തുക്കള്‍ കത്തിനശിക്കുന്നത് എങ്ങനെയാണന്ന ചോദ്യത്തിന് മറുപടിയില്ല. കാമറ വയ്ക്കാന്‍ നിര്‍ദ്ദേശിച്ച് സ്ഥലത്തെത്തിയ പൊലീസ് മടങ്ങി. കാമറ വയ്ക്കാന്‍ പണമില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. നരബലിയും മന്ത്രവാദവും ചൂട് പിടിക്കുന്ന സമയത്ത് അജ്ഞാത കല്ലേറിന്റെയും തീവയ്പിന്റെയും ഉറവിടം തേടുകയാണ് നാട്ടുകാര്‍.