ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യം മൂലം വലയുകയാണ് കൊടകര പറപ്പൂക്കര പഞ്ചായത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലൊന്നായ നെല്ലായിയും പരിസരപ്രദേശങ്ങളും. ഇവിടെയുള്ള സര്‍ക്കാര്‍ ഓഫീസ് പരിസരങ്ങളിലടക്കം എണ്ണമറ്റ ആഫ്രിക്കന്‍ ഒച്ചുകള്‍ വിഹരിക്കുകയും ആരോഗ്യ പ്രശ്‌നങ്ങളടക്കം സൃഷ്ടിക്കുന്ന ഈ ജീവികളെ പ്രതിരോധിക്കാന്‍ അധികാരികള്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. നെല്ലായി ജംഗ്ഷനിലുള്ള ഓട്ടോ സ്റ്റാന്‍റില്‍ തൊഴിലാളികള്‍ക്ക് സ്വസ്ഥമായി ഇരിക്കാന്‍ പോലും കഴിയുന്നില്ല. രാവിലെ ഓട്ടോയുമായി സ്റ്റാന്‍റിലെത്തിയാല്‍ ഉപ്പുപൊടി വാങ്ങി ഒച്ചുകളുടെ മീതെ വിതറലാണ് ഇവരുടെ ആദ്യ ജോലി. ദേശീയപാതയോരത്തുള്ള ഓട്ടോ സ്റ്റാന്‍റിനു സമീപത്തെ കൃഷിയിടങ്ങളിലും വീട്ടുപറമ്പുകളിലും ആഫ്രിക്കന്‍ ഒച്ചുകള്‍ നിറഞ്ഞിരിക്കയാണ്. രണ്ട് മാസം മുമ്പാണ് ഇവിടെ ഒച്ചുകളെ കണ്ടു തുടങ്ങിയത്. മഴ കനത്തത്തോടെ ഇവയുടെ എണ്ണം പെരുകി. ഇപ്പോള്‍ നോക്കുന്നിടത്തെല്ലാം ചെറുതും വലുതുമായ ഒച്ചുകളുടെ കൂട്ടമാണ്. ഉപ്പ് വിതറി കൊന്നൊടുക്കിയിട്ടും ഇവയുടെ ശല്യം കൂടുകയല്ലാതെ കുറയുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഓരോ ദിവസം ചെല്ലുന്തോറും സമീപത്തെ കൃഷിയിടങ്ങളിലേക്ക് വ്യാപിക്കുകയാണ് ഇവ. രാവിലെ വ്യാപകമായി കാണപ്പെടുന്ന ഒച്ചുകള്‍ വെയിലുദിച്ചാല്‍ ഈര്‍പ്പമുള്ള സ്ഥലങ്ങളില്‍ ഒതുങ്ങി കൂടും. വൈകുന്നേരമായാല്‍ വീണ്ടും ചെടികളിലും പൊതു സ്ഥലങ്ങളിലും ഇവയെ കൂട്ടമായി കാണും. നെല്ലായി സര്‍വീസ് റോഡരുകില്‍ രാത്രിയില്‍ നിര്‍ത്തിയിടുന്ന ചരക്കുലോറികളിലും മറ്റ് വാഹനങ്ങളിലും ഇവ കൂട്ടമായി കയറി കൂടുന്നുണ്ട്. നെല്ലായി വില്ലേജ് ഓഫീസ്, സബ് രജിസ്ട്രാര്‍ ഓഫിസ്, പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ എന്നിവയുടെ പരിസരങ്ങളിലും ഒച്ചുകളെ കൂട്ടമായി കാണുന്നുണ്ട്. രാവിലെ ഓഫീസ് തുറക്കുമ്പോള്‍ ഭിത്തിയിലും വാതിലുകളിലും ജനലുകളിലും പറ്റിപിടിച്ചിരിക്കുന്ന ഒച്ചുകളെ ഇല്ലാതാക്കുന്ന ശ്രമകരമായ പണി കൂടി ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ക്ക് ചെയ്യേണ്ടി വരുന്നു. കൃഷി നശിപ്പിക്കുന്നതിനു പുറമെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനും കാരണമാകുന്ന ആഫ്രിക്കന്‍ ഒച്ചുകളെ ഇല്ലാതാക്കാന്‍ അധികൃതര്‍ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.