സപ്ലൈകോയുടെ ഓണക്കിറ്റിൽ ഇപ്രാവശ്യവും കുടുംബശ്രീയുടെ ശര്‍ക്കര വരട്ടിയും ചിപ്സും. ഇതിനായി 12 കോടി രൂപയുടെ ഓർഡറാണ് കുടുംബശ്രീയ്ക്ക് ലഭിച്ചത്. ഓണം അടുത്തതോടെ സർക്കാരിന്‍റെ ഓണക്കിറ്റിനൊപ്പം വിതരണം ചെയ്യാനുള്ള ചിപ്സും ശർക്കരവരട്ടിയും ഉണ്ടാക്കുന്ന തിരക്കിലാണ് കുടുംബശ്രീ പ്രവർത്തകർ. നേന്ത്രക്കായ ചിപ്സും ശർക്കരവരട്ടിയും ഉൾപ്പെടെ ആകെ 42,63,341 പായ്ക്കറ്റുകളാണ് കരാർ പ്രകാരം കുടുംബശ്രീ പ്രവർത്തകർ തയ്യാറാക്കുന്നത്. ഇത് സംസ്ഥാന വ്യാപകമായി വിവിധ യൂണിറ്റുകളായി തിരിച്ചാണ് നിർമ്മാണവും പാക്കിംഗും നടത്തുന്നത്. നൂറു ഗ്രാം വീതമുള്ള പായ്ക്കറ്റ് ഒന്നിന് ജി.എസ്.ടി ഉൾപ്പെടെ 30.24 രൂപ നിരക്കിൽ സംരംഭകർക്ക് ലഭിക്കും. സംസ്ഥാനത്തെ മുന്നൂറിലേറെ കുടുംബശ്രീ യൂണിറ്റുകൾ വഴിയാണ് ഉൽപന്ന നിർമാണവും വിതരണവും. ഈ മാസം ഇരുപതിനകം കരാർ പ്രകാരമുള്ള അളവിൽ ഉൽപന്ന വിതരണം പൂർത്തിയാക്കുന്നതിനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ രണ്ടര ലക്ഷത്തിലേറെ കുടുംബശ്രീ വനിതാ കർഷക സംഘങ്ങളിൽ നിന്നും പൊതുവിപണിയിൽ നിന്നുമാണ് ഇതു സംഭരിക്കുന്നത്. ഉൽപന്നങ്ങൾ ഡിപ്പോയിൽ എത്തിക്കുന്ന മുറയ്ക്ക് സപ്ലൈകോ നേരിട്ട് സംരംഭകരുടെ അക്കൗണ്ടിലേക്ക് പണം നൽകും.