National

വിദേശ പൗരത്വം എടുത്ത ഇന്ത്യക്കാർക്ക് സ്വത്തുക്കൾ വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണമെന്ന് സുപ്രീം കോടതി

Published

on

വിദേശികൾക്ക് റിസർവ് ബാങ്കിന്റെ അനുമതിയില്ലാതെ ഇന്ത്യയിലെ വസ്തുക്കൾ പണയം വയ്ക്കുവാനോ കൈമാറ്റം നടത്തുവാനോ ചെയ്യാൻ കഴിയില്ലെന്ന് സുപ്രീംകോടതി വിധിച്ചു. ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗ ബെഞ്ച്, ഫോറിൻ എക്സ്ചേഞ്ച് റെഗുലേഷൻ ആക്ടിലെ 31ാം സെക്ഷന്റെ അടിസ്ഥാനത്തിലാണ് വിധി പ്രഖ്യാപിച്ചത്. വിദേശികൾക്ക് ഇന്ത്യയിലെ റിയൽ എസ്റ്റേറ്റ് സംവിധാനങ്ങളിൽ ഇടപെടാൻ ആകില്ലെന്ന് FERA സെക്ഷൻ 31 ലോക്സഭയിൽ അവതരിപ്പിച്ചപ്പോൾ വ്യക്തമാക്കിയിരുന്നതാണ്. ആ നിയമത്തെ പരിപൂർണ്ണമായി നടപ്പാക്കാൻ ശ്രദ്ധ ചെലുത്തിയ സർക്കാരിന്റെ ഉദ്ദേശശുദ്ധിയെ കോടതി പരാമർശിച്ചു. റിസർവ് ബാങ്കിന്റെ അനുമതി നേടാതെ സ്വത്തുക്കൾ കൈമാറ്റം നടത്തിയാൽ നിയമപരമായി അത് നിലനിൽക്കുന്നതല്ല. ഇതുവരെ നടന്ന കൈമാറ്റങ്ങൾ ഈ നിയമത്തിന്റെ കീഴിൽ വരില്ലെന്നും വിധിയിൽ പറയുന്നു. വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടെങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; ഇത്തരത്തിലുള്ള സ്വത്തുക്കൾ കൈമാറ്റം ചെയ്യുമ്പോൾ, റിസർവ് ബാങ്ക് അനുമതി നൽകുന്നതുവരെ കൈമാറ്റത്തിന് നിയമപരമായ സാധുത ലഭിക്കുകയില്ല എന്നും ജസ്റ്റിസ് ഇന്ദു മൽഹോത്ര, അജയ് രസ്തോഗി എന്നിവർ ഉൾപ്പെട്ട ബഞ്ച വ്യക്തമാക്കി. എന്നിരുന്നാലും, ഇതുവരെ നടന്ന ഇടപാടുകൾ വീണ്ടും പുനപരിശോധിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. ബെങ്കലൂരുവിലെ ഒരു സ്വത്തുകൈമാറ്റവുമായി ബന്ധപ്പെടുത്തി നടന്ന കേസിലാണ് ഈ സുപ്രധാന വിധി വന്നത്. നിരവധി മലയാളികളെ നേരിട്ട് ബാധിക്കുന്ന ഒരു കാര്യമാണിത്. ഇരട്ടപൗരത്വം എന്ന ആശയം ചർച്ചയിൽ നിൽക്കുന്ന സമയത്ത് ഒ സി ഐ കാർഡുള്ളവർക്ക് ഇന്ത്യൻ പൗരന്മാര്ക്കുള്ള എല്ലാ അവകാശങ്ങളും, വോട്ടവകാശം ഒഴികെ, നൽകിയിരുന്നു. ഇതനുസരിച്ച്, നാട്ടിൽ സ്ഥലം വാങ്ങിക്കൂട്ടിയിട്ടുള്ളവർനിരവധിയാണ്. ഇനി സ്വത്തുക്കളുടെ കാര്യത്തിൽ മുന്നോട്ട് പോവുക ഇവരെ സംബന്ധിച്ചിടത്തോളം പ്രയാസമേറിയ കാര്യമാകും, പ്രത്യേകിച്ച് റിസർവ് ബാങ്കിന്റെ അനുമതിയൊക്കെ വാങ്ങുക എന്ന കാര്യമുള്ളപ്പോൾ.ഇത് കേരളത്തിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഒരു തിരിച്ചടിക്ക് കാരണമായേക്കാം

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version