ഉദ്യോഗാർത്ഥികളിൽ നിന്ന് ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതി അറസ്റ്റിൽ. നെടുമങ്ങാട് താന്നിമൂട് രാമപുരം കിഴക്കുംകര പുത്തൻവീട്ടിൽ സുരാജിനെയാണ് (40) ആറ്റിങ്ങൽ ഡിവൈ.എസ്.പി ബിനുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റുചെയ്തത്. വെഞ്ഞാറമൂട്, നെടുമങ്ങാട്, വട്ടപ്പാറ എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്.
സതേൺ റെയിൽവേയിലെ വിവിധ തസ്തികകളിൽ ജോലി വാഗ്ദാനം നൽകിയാണ് തട്ടിപ്പ് നടത്തിയത്. ഉദ്യോഗാർത്ഥികളുടെ രക്ഷിതാക്കളുമായി സംസാരിച്ച് റെയിൽവേയിൽ സ്ഥിരം ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ അഡ്വാൻസായി വാങ്ങിയശേഷം ഉദ്യോഗാർത്ഥികളെ ഡൽഹിയിൽ എത്തിച്ച് മെഡിക്കൽ പരിശോധന നടത്തുകയായിരുന്നു. ഈ സമയം റെയിൽവേ ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തിയ ആളുകളും സംഘത്തിൽ ഉണ്ടായിരുന്നു.തുടർന്ന് നാട്ടിൽ തിരികെ എത്തിച്ച ഉദ്യോഗാർത്ഥികളെ മാസങ്ങൾക്കു ശേഷം സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ എന്ന പേരിൽ ചെന്നൈ സതേൺ റെയിൽവേ ഓഫീസ് കോമ്പൗണ്ടിൽ എത്തിച്ചു റെയിൽവേ ഉദ്യോഗസ്ഥർ എന്ന വ്യാജേന സർട്ടിഫിക്കറ്റുകൾ പരിശോധിച്ച ശേഷം തിരികെ നാട്ടിലേക്ക് അയയ്ക്കും. തുടർന്ന് ബാക്കി തുകയും വാങ്ങിയ ശേഷം റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റെ നിയമന ഉത്തരവ് തപാൽ വഴി ഉദ്യോഗാർത്ഥികൾക്ക് നൽകുകയായിരുന്നു.നാട്ടിൽ അറിയപ്പെടുന്ന പൊതുപ്രവർത്തകനാണ് ഇയാൾ. നിയമന ഉത്തരവ് ലഭിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കാതെ വന്നതോടെയാണ് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് ഈ നിയമന ഉത്തരവ് വ്യാജമായി തയ്യാറാക്കിയതാണെന്ന് കണ്ടെത്തുകയായിരുന്നു. മുംബൈയിൽ സ്ഥിര താമസമാക്കിയ മലയാളികളുമായി ചേർന്നാണ് സുരാജ് തട്ടിപ്പ് നടത്തിയത്.