2023 മാർച്ചിൽ പാലം ഉദ്ഘാടനം ചെയ്യാൻ സാധിക്കുമെന്നാണ് കരുതുന്നതെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. തമിഴ്‌നാടിനെയും പുണ്യഭൂമിയായ രാമേശ്വരത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽപ്പാലമായ പുതിയ പാമ്പൻ പാലം എഞ്ചിനീയറിംഗ് കലയിലെ വിസ്മയം കൂടിയാകുമെന്നാണ് റിപ്പോർട്ട്.2.05 കിലോ മീറ്റർ നീളമുള്ള പാമ്പൻ പാലത്തിന്റെ നിർമാണം 84 ശതമാനം പൂർത്തിയായി കഴിഞ്ഞു. 535 കോടി രൂപ ചിലവിൽ റെയിൽ വികാസ് നിഗം ലിമിറ്റഡാണ് നിർമാണം നടത്തുന്നതെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് പാലമായിരിക്കും പുതിയ പാമ്പൻ പാലം. കപ്പലുകൾക്ക് വഴി നൽകാൻ പാലത്തിന്റെ ഒരു ഭാഗം ലംബമായി ഉയരുന്നതിനാലാണ് വെർട്ടിക്കൽ ലിഫ്റ്റ് ബ്രിഡ്ജ് എന്ന് വിശേഷിപ്പിക്കാൻ കാരണം. നിലവിലുള്ള പഴയ പാമ്പൻ പാലം 105 വർഷം പഴക്കമുള്ളതാണ്. 1914-ലാണ് ഇതു ബ്രിട്ടീഷുകാർ നിർമ്മിച്ചത്. രാജ്യത്തെ ഏറ്റവും നീളമേറിയ കടൽപ്പാലമാണിത്.