ആത്മഹത്യക്കുശ്രമിച്ച് ചികിത്സയിലായിരുന്ന തമിഴ് ചലച്ചിത്ര-സീരിയൽ നടൻ ലോകേഷ് (34) മരിച്ചു.മൂന്നുദിവസം മുമ്പാണ് കോയമ്പേട് ബസ് സ്റ്റാൻഡിൽ അബോധാവസ്ഥയിൽ ലോകേഷിനെ കണ്ടെത്തിയത്. തുടർന്ന്, കിൽപ്പോക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. വിഷം കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്.ഭാര്യയുമായുള്ള ഭിന്നതകളാണ് ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കാഞ്ചീപുരം സ്വദേശിയായ ലോകേഷിന് രണ്ടുമക്കളുണ്ട്. ബാലതാരമായി അഭിനയരംഗത്തെത്തിയ ലോകേഷ് മർമദേശം, ജീബൂംബാ എന്നീ തമിഴ് ടെലിവിഷൻ പരമ്പരകളിലൂടെയാണ് പ്രേക്ഷകശ്രദ്ധ നേടിയത്. 150-ലധികം സീരിയലുകളിലും 20-ഓളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്സിനിമ നിർമിക്കാനുള്ള ഒരുക്കത്തിലായിരുന്നു.