പാലക്കാട് നഗരത്തിൽ അരമണിക്കൂറിനിടെ പത്തുപേർക്ക് തെരുവുനായയുടെ കടിയേറ്റു. കൊപ്പത്തിനും ചന്ദ്രനഗറിനുമിടയിലാണ് ബൈക്ക് യാത്രികൻ ഉൾപ്പെടെ നായ കടിച്ച് പരുക്കേൽപ്പിച്ചത്. കടിയേറ്റ ഏഴുപേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃഗസംരക്ഷണ വകുപ്പ് പിടികൂടിയ നായയ്ക്ക് പേവിഷബാധയുണ്ടെന്നും സംശയമുണ്ട്. യാതൊരു പ്രകോപനവുമില്ലാതെ തെരുവുനായ ബൈക്കിൽ കയറാൻ ശ്രമിക്കുന്ന യുവാവിനെ കടിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു. സമാന രീതിയിലാണ് ചന്ദ്രനഗറിനും കൊപ്പത്തിനുമിടയിൽ കോഴിക്കോട് ബൈപ്പാസിൽ നായ ഭീതിപരത്തിയത്. ബൈക്കുകാരെയും നടന്നു പോകുന്നവരെയും വെറുതെ വിട്ടില്ല.നാട്ടുകാരെ തെരുവുനായ ആക്രമിക്കുന്നുവെന്ന വിവരമറിഞ്ഞ് എത്തിയ പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്‌റ്റേഷനിലെ രണ്ട് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരാണ് മൃഗസംരക്ഷണ വകുപ്പിനെ വിവരം അറിയിച്ചത്. പിന്നാലെ ഉദ്യോഗസ്ഥരെത്തി ആക്രമിച്ച നായയെ പിടികൂടിയെങ്കിലും ഇതേ നായ കൂടുതൽ വളർത്തു നായ്ക്കളെ ഉൾപ്പെടെ ആക്രമിച്ചിട്ടുണ്ട്. ഇവയെ അടുത്ത ദിവസം പിടികൂടി പരിശോധിക്കും. നായ്ക്കളുടെ ആക്രമണമുണ്ടായ സമയം വിക്ടോറിയ കോളജ് പരിസരത്ത് ബിജെപിയുടെ തിരംഗ യാത്രയ്ക്കുള്ള തയാറെടുപ്പ് നടക്കുകയായിരുന്നു. മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരെത്തി തെരുവുനായയെ പിടികൂടിയെന്ന് ഉറപ്പാക്കിയ ശേഷമാണ് ജാഥ തുടങ്ങിയത്. പാലക്കാട് നഗരത്തിൽ ഒരാഴ്ചയ്ക്കിടെ നാലിടങ്ങളിൽ തെരുവുനായ പിന്തുടർന്നത് കാരണം ബൈക്ക് അപകടത്തിൽപ്പെട്ട് യാത്രികർക്ക് പരുക്കേറ്റതും വിഷയത്തിന്റെ ഗൗരവം കൂട്ടുന്നു.