ഇന്ന് ചേർന്ന തലപ്പിള്ളി താലൂക്ക് വികസന സമിതി യോഗത്തിലാണ് തീരുമാനം. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ എം അഷ്‌റഫ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി – മംഗലം റോഡിൽ വടക്കാഞ്ചേരി പള്ളി സ്കൂളിനു സമീപവും, മംഗലം വളവിലും നിക്ഷേപിച്ചിട്ടുള്ള കെട്ടിട മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിന് പൊതുമരാമത്ത് വകുപ്പിന് യോഗം നിർദേശം നൽകി. തൃശൂർ – ഷൊർണ്ണൂർ റോഡിൽ സിവിൽ സപ്ലൈസ് സംഭരണ ശാലയ്ക്ക് സമീപം വഴി യാത്രക്കാർക്ക് അപകടമുണ്ടാക്കുന്ന വിധത്തിൽ നിൽക്കുന്ന പുളിമരത്തിന്‍റെ കൊമ്പുകൾ മുറിക്കുന്നതിനും , വടക്കാഞ്ചേരി പുഴ പാലത്തിനു സമീപം അപകടകരമായി നിൽക്കുന്ന മരങ്ങളുടെ ചില്ലകൾ മുറിക്കാനും യോഗം തീരുമാനിച്ചു. ഇത് കൂടാതെ തലപ്പിള്ളി താലൂക്കിലെ വിവിധ ഭാഗങ്ങളിലായി കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് ഒഴിവാക്കാനായി എത്രയും പെട്ടന്ന് വേണ്ട നടപടികൾ സ്വീകരിക്കാൻ വാട്ടർ അതോറിറ്റി അധികൃതരോട് യോഗം നിർദേശം നൽകി. തലപ്പിള്ളി തഹസിൽദാർ എം കെ കിഷോർ, ഡെപ്യൂട്ടി തഹസിൽദാർ സി സന്തോഷ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ , വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.