കഴിഞ്ഞ ദിവസം തകരാറിലായ വലിയ നാഴികമണിക്ക് പകരമായി താൽക്കാലികമായി പുതിയ മണി സ്ഥാപിച്ചു. വെള്ളിയാഴ്ച പുലർച്ചെയാണ് നൂറ്റാണ്ട് പഴക്കമുള്ള വെള്ളോടിൽ തീർത്ത നാഴികമണി തകരാറിലായത്. മണിയുടെ നാക്ക് ഉറപ്പിച്ചിരുന്ന ഇരുമ്പ് ദണ്ഡ് ദ്രവിച്ച് നാക്ക് വീഴുകയായിരുന്നു. പഴയ മണിയായതിനാൽ നിർമാണത്തിൽ കൂടുതൽ പരിശോധന നടത്തി വരുകയാണ് മണി നിർമാതാക്കളുടെ സംഘം. ഒരാഴ്ചക്കകം ദ്രവിച്ച ദണ്ഡ് മാറ്റി പഴയ നാഴികമണി തന്നെ പുനസ്ഥാപിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ക്ഷേത്രോപദേശക സമിതി ഭാരവാഹികൾ അറിയിച്ചു. മൂന്ന് ദിവസമായി വടക്കുന്നാഥ ക്ഷേത്രത്തിലെ നാഴികമണി മുഴങ്ങാത്തത് ഏറെ ചർച്ചക്കിടയാക്കുകയും പലരും തേടിയെത്തുകയും ചെയ്തതോടെയാണ് അടിയന്തരമായി താൽക്കാലിക മണി സ്ഥാപിക്കാൻ തീരുമാനിച്ചത്. തിങ്കളാഴ്ച ഉച്ചമുതൽ നാഴികമണി മുഴങ്ങിത്തുടങ്ങി. ക്ഷേത്രം നട തുറക്കുന്ന പുലർച്ചെ മൂന്ന് മുതൽ രാത്രി ഒമ്പത് വരെയാണ് വടക്കുന്നാഥനിലെ നാഴികമണി സമയമറിയിച്ച് മുഴങ്ങുന്നത്.