പാലക്കാട് വല്ലപ്പുഴ പൊൻമുഖം മലയിലെ ക്രഷർ യൂണിറ്റ് പൂട്ടണമെന്നാവശ്യപ്പെട്ട് ജനകീയ സമരവുമായി നാട്ടുകാർ രംഗത്തെത്തി. പൊൻമുഖം മല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിൽ നിരവധിപേര്‍ പങ്കെടുത്തു. ഖനനം പൂര്‍ണ തോതിലായാല്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയെന്നാണ് നാട്ടുകാരുടെ ആശങ്ക .പ്രകൃതി സൗന്ദര്യത്തിന്‍റെ മനോഹാരിത സമ്മാനിക്കുന്ന പൊൻമുഖം മലയിലാണ് ക്വാറി. ക്വാറിയുടെ പ്രവർത്തനം മലയുടെ താഴ്‌വാരത്ത് താമസിക്കുന്ന നൂറുകണക്കിന് വീടുകളിലെ ജനജീവിതത്തെ ബാധിക്കുമെന്നതാണ് ആശങ്ക. പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്ന മുന്നറിയിപ്പുമായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധിപേരാണ് സമരത്തില്‍ പങ്കെടുത്തത്. മൂന്നു പഞ്ചായത്തുകളിലായി പൊന്‍മുഖം മലയുടെ ചുറ്റിലും നൂറിലേറെ കുടുംബങ്ങളാണ് താമസിക്കുന്നത്. ജീവനും സ്വത്തിനും ഭീഷണിയായ ക്വാറിയുടെ പ്രവർത്തനം നിർത്തലാക്കുന്നതിന് ലൈസൻസ് മരവിപ്പിക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം. പൊൻമുഖം മലയിൽ ഖനനമാരംഭിച്ചാൽ ഉരുൾപൊട്ടൽ ഭീഷണി വല്ലാതെ കൂടുമെന്നാണ് നാട്ടുകാരുടെ ആശങ്ക. നെല്ലായ, വല്ലപ്പുഴ, ചളവറ പഞ്ചായത്ത് ഭരണസമിതികൾ സമരസമിതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.