കെ എസ് ആര്‍ ടി സി പ്രതിസന്ധിക്ക് പരിഹാരം കാണാനായി നടത്തിയ ചർച്ച ഫലപ്രദം. ശമ്പള കുടിശ്ശിക തീര്‍ത്ത് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കിയതായി യൂണിയനുകൾ ചർച്ചയ്ക്കുശേഷം പറഞ്ഞു. അതേസമയം സിംഗിൾ ഡ്യൂട്ടി സംബന്ധിച്ച് ആശങ്കകൾ നിലനിൽക്കുകയാണെന്ന് യൂണിയനുകൾ പറയുന്നു. അതിനിടെ പരീക്ഷണാടിസ്ഥാനത്തിൽ സിംഗിൾ ഡ്യൂട്ടി ഒക്ടോബർ ഒന്ന് മുതൽ നടപ്പാക്കുമെന്നാണ് ചർച്ചയിൽ സർക്കാർ അറിയിച്ചത്.രണ്ടു മാസത്തെ ശമ്പളം നാളെ തന്നെ നല്‍കുമെന്ന് ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി യൂണിയനുകള്‍ അറിയിച്ചു. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളമാണ് നാളെ വിതരണം ചെയ്യുക. എല്ലാ മാസവും അഞ്ചാം തീയതിയ്ക്കുള്ളിൽ ശമ്പളം നല്‍കാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച വിജയമാണെന്ന് സി ഐ ടി യു അറിയിച്ചു.