ചങ്ങനാശേരി തുരുത്തിയിൽ വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ ഇടഞ്ഞ ആനയെ മയക്കുവെടി വച്ചു. വാഹനത്തിന്റെ കൈവരികൾ തകർക്കുകയും പ്രദേശത്തെ ഗതാഗതം പൂർണമായി സ്തംഭിപ്പിക്കുകയും ചെയ്ത ആനയെയാണ് അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ മയക്കുവെടി വച്ചത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു. ഇപ്പോൾ ഗതാഗതം സാധാരണ നിലയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. എലിഫന്റ് സ്ക്വാഡ് സ്ഥലത്തെത്തി രണ്ട് റൗണ്ട് മയക്കുവെടി വച്ചശേഷമാണ് ആനയെ തളച്ചത്. ആന കൈവരി തകർത്ത് റോഡിലിറങ്ങുമെന്ന സന്ദർഭത്തിലാണ് എലിഫന്റ് സ്ക്വാഡിനെ വിവരമറിയിച്ചത്. സമാനമായ പ്രശ്നങ്ങൾ ഈ ആന മുൻപും ഉണ്ടാക്കിയിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.ഇടറോഡിൽ വച്ചാണ് ഗതാഗതം തടസപ്പെട്ടത് എന്നതിനാൽ വാഹനങ്ങൾ സാധാരണ വേഗതിയിൽ ഓടിത്തുടങ്ങാൻ അൽപം കൂടി സമയമെടുക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്. ആന വൈദ്യുത പോസ്റ്റ് തകർത്തത് പ്രദേശത്തെ ഇരുട്ടിലാക്കിയിരിക്കുകയാണ്. വൈദ്യുതി പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളും പ്രദേശത്ത് പുരോഗമിക്കുകയാണ്.