ഏറ്റവും കൂടുതല്‍ ലഹരികച്ചവടക്കാരുള്ളത് കണ്ണൂരില്‍. ഏറ്റവും കുറവ് കാസര്‍കോടിലാണെന്നും സര്‍ക്കാര്‍ തയാറാക്കിയ ഡാറ്റാ ബാങ്കിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ലഹരി എത്തിക്കുന്നവര്‍. അതിനായി പണം മുടക്കുന്ന വന്‍ചാക്കുകള്‍. കോളജും സ്കൂളുമെല്ലാം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് യുവാക്കളിലേക്ക് ലഹിരിയെ എത്തിക്കുന്നവര്‍. ഇങ്ങനെ ലഹരിവിറ്റ് ജീവിക്കുന്നവരെ കണ്ടെത്താനും അവര്‍ക്കെതിരായ നടപടി കര്‍ശനമാക്കാനുമാണ് സജീവ ലഹരി ഇടപാടുകാരുടെ വിവരശേഖരണം എക്സൈസിന്റെ നേതൃത്വത്തില്‍ നടത്തിയത്. അതനുസരിച്ച് തയാറാക്കിയ ഡാറ്റാബാങ്കാണ് സംസ്ഥാനത്താകെ 2434 ലഹരി ഇടപാടുകാരുണ്ടെന്ന് വ്യക്തമാക്കുന്നത്.ജില്ലതിരിച്ച് പരിശോധിച്ചാല്‍ ലഹരി കച്ചവടക്കാര്‍ കൂടുതല്‍ കണ്ണൂരിലാണ്, 412. രണ്ടാം സ്ഥാനത്ത് എറണാകുളം 376. മൂന്നാം സ്ഥാനത്തുള്ള പാലക്കാട് 316വും തൊട്ടുപിന്നിലുള്ള തൃശൂരില്‍ 302 ഇടപാടുകാരുമുണ്ട്. തലസ്ഥാനജില്ലയില്‍ 117 ഇടപാടുകാരെയാണ് കണ്ടെത്തിയത്. 11 ഇടപാടുകാര്‍ മാത്രമുള്ള കാസര്‍കോട്ടാണ് ഏറ്റവും കുറവെന്നും ഡാറ്റാബാങ്ക് പറയുന്നു. അതേസമയം ലഹരി ഇടപാടുകാരുടെ വിവരം ശേഖരിച്ചതിന് അപ്പുറം അവര്‍ക്കെതിരെ പ്രഖ്യാപിച്ച പല നടപടികള്‍ക്കും അത്ര വേഗം പോരെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ലഹരിക്കേസില്‍ പ്രതികള്‍ പുറത്തിറങ്ങിയാല്‍ ഇനി കുറ്റം ആവര്‍ത്തിക്കില്ലെന്ന് വ്യക്തമാക്കി ബോണ്ട് വാങ്ങുന്ന പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ ഇതുവരെ വെറും പത്ത് പേരില്‍ നിന്ന് മാത്രമാണ് ബോണ്ട് വാങ്ങിയത്. സ്കൂളുകള്‍ക്ക് സമീപത്തെ ലഹരി വില്‍പ്പനയുടെ പേരില്‍ പൂട്ടിയ കടകളുടെ എണ്ണവും വളരെ കുറവാണ്.