വിദ്യാര്‍ഥികള്‍ അനധികൃതമായി സ്വിമ്മിങ് പൂളില്‍ പ്രവേശിക്കാനുണ്ടായ സാഹചര്യം പരിശോധിക്കുന്നതും സുരക്ഷാവിഭാഗം ഓഫിസര്‍, ഹോസ്റ്റല്‍ വാര്‍ഡന്‍ തുടങ്ങിയ ഉദ്യോഗസ്ഥരോട് വിശദീകരണം തേടുന്നതുമുള്‍പ്പെടെയുള്ള നടപടികളുണ്ടാകും. സഹപാഠികളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും വിവരം ശേഖരിക്കും. ക്യാമ്പസില്‍ ലോകകപ്പ് ഫുട്‌ബാള്‍ ഫൈനല്‍ മത്സരം വലിയ സ്‌ക്രീന്‍ സജ്ജീകരിച്ച് കാണാന്‍ ഔദ്യോഗികമായി അനുമതി നല്‍കിയിരുന്നോ എന്നതിലും ഫുട്‌ബാള്‍ മത്സരത്തിന്റെ പേരില്‍ അര്‍ധരാത്രിയിലും പുലര്‍ച്ചെയുമെല്ലാം ക്യാമ്പസിൽ സജീവമാകാന്‍ തടസ്സങ്ങളില്ലാതിരുന്നതെന്താണെന്നത് സംബന്ധിച്ചും അവ്യക്തത നിലനില്‍ക്കെയാണ് അന്വേഷണം. ക്യാമ്പസിലെ പ്രധാന സ്ഥലങ്ങളിലൊന്നും സി.സി.ടി.വി കാമറകളില്ലാത്തതിനാല്‍ സ്വിമ്മിങ് പൂളില്‍ എന്താണ് സംഭവിച്ചതെന്നത് സംബന്ധിച്ച് തെളിവുകള്‍ ലഭ്യമായിട്ടില്ല. മരിച്ച ഷഹാന്റെ ബന്ധു ഷമീം അക്തര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തേഞ്ഞിപ്പലം പൊലീസ് കേസെടുത്തിട്ടുണ്ട്. പുരുഷ ഹോസ്റ്റലിലെ ബാത്ത് ടബ്ബില്‍ മലിനമായ വെള്ളമായതിനാലാണ് സ്വിമ്മിങ് പൂളില്‍ കുളിക്കാന്‍ പോകേണ്ടി വന്നതെന്നാണ് ഷഹാന്റെ സുഹൃത്തുക്കളുടെ വിശദീകരണം. ഹോസ്റ്റലിലെ ജലവിതരണ സംവിധാനത്തിലെ തകരാര്‍ കാരണമാണ് ജലം മലിനമായതെന്നും പറയപ്പെടുന്നു. വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രിയപ്പെട്ടവനായ ഷഹാന്‍ ക്യാമ്പസിൽ എത്തിയിട്ട് രണ്ട് വര്‍ഷമായി.