കോടാലിയിൽ മകൻ അമ്മയെ ഗ്യാസ് കുറ്റി കൊണ്ട് തലക്ക് അടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വീട് വിറ്റ് കിട്ടിയ പണം കൊടുക്കാത്തതിന്‍റെ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നും പ്രതി വിഷ്ണു ചെറുപ്പം മുതലേ ലഹരിക്ക് അടിമയായിരുന്നുവെന്നും പോലീസ് പറയുന്നു. കൊല്ലപ്പെട്ട അമ്മ ശോഭനയുടെ ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയക്കും.
ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് കൊലപാതകം നടന്നത്. കൊടകര കിഴക്കേ കോടാല കൊള്ളിക്കുന്ന് വാടക വീട്ടിൽ താമസിക്കുന്ന ചാത്തൂട്ടിയുടെ ഭാര്യ ശോഭനയെയാണ് മകന്‍ വിഷ്ണു കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം വിഷ്ണു സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥർ ആവർത്തിച്ച് ചോദിച്ചപ്പോഴാണ് അമ്മയെ കൊലപ്പെടുത്തിയ വിവരം വിഷ്ണു പറയുന്നത്. സംഭവം സത്യമാണോ എന്നറിയാൻ ഉദ്യോഗസ്ഥർ നേരിട്ട് കൊള്ളിക്കുന്നിലെ വാടക വീട്ടിലെത്തി. അപ്പോൾ മാത്രമാണ് നാട്ടുകാരും, അയൽക്കാരും കൊലപാതക വിവരം അറിയുന്നത്. ചോദ്യം ചെയ്യലിൽ സാമ്പത്തിക പ്രശ്നമാണ് കൊലയ്ക്ക് കാരണമെന്ന് വിഷ്ണു സമ്മതിച്ചു. വീട് വിറ്റ് കിട്ടിയ അഞ്ചര ലക്ഷം രൂപ ശോഭന ബാങ്കിലിട്ടിരുന്നു. ഇതില്‍ രണ്ടര ലക്ഷം വിഷ്ണുവിന്‍റെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചിരുന്നു. ഇത് കഴിഞ്ഞ ദിവസം ശോഭന പിൻവലിച്ചു. വെള്ളിയാഴ്ച വൈകീട്ടും ഇതിനെ ചൊല്ലി അമ്മയും മകനും തർക്കമുണ്ടായി. ഈ സമയം അച്ഛൻ ചാത്തൂട്ടി കൂലിപ്പണിക്ക് പോയിരിക്കുകയായിരുന്നു. ഇതിനിടിയിലാണ് വീടിന്‍റെ ഹാളിൽ വച്ച് അമ്മയുടെ തലയിൽ ഗ്യാസ് കുറ്റി അടിച്ച് കൊലപ്പെടുത്തിയത്. രണ്ട് ലക്ഷം രൂപയാണ് ബാങ്കിൽ നിന്ന് പിൻവലിച്ചത്. ഈ പണം കൊല നടന്ന വീട്ടിൽ നിന്ന് കണ്ടെത്തി.