ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വത്തിന്‍റെ ആഭിമുഖ്യത്തിൽ ക്ഷേത്രം കൂത്തമ്പലത്തിലാണ് കഴിഞ്ഞ ഒമ്പത് ദിവസങ്ങളിലായി പുരുഷാർത്ഥക്കൂത്ത് സഹിതം നടന്നുവന്നിരുന്ന തപതീസംവരണം കൂടിയാട്ട മഹോത്സവം സമാപിച്ചത്.
പാരമ്പര്യ അവകാശികളായ അമ്മന്നൂർ കുടുംബത്തിലെ ഗുരു അമ്മന്നൂർ കുട്ടൻ ചാക്യാരുടെ നേതൃത്വത്തിലാണ് കൂടിയാട്ടം അവതരിപ്പിച്ചത്.
ധർമ്മാർത്ഥകാമമോക്ഷങ്ങൾ നേടുവാൻ ജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏകദേശം പത്ത് വർഷങ്ങൾക്ക് ശേഷം കൂത്തമ്പലത്തിൽ പുരുഷാർത്ഥക്കൂത്ത് അരങ്ങേറിയത്.
ഇതിൽ പ്രാധാന്യമുള്ള വിനോദം, അശനം എന്നിവ അമ്മന്നൂർ കുട്ടൻ ചാക്യാരും. വിവാദം, രാജസേവ എന്നിവ അമ്മന്നൂർ രജനീഷ് ചാക്യാരുമാണ് വിദൂഷകവേഷത്തിൽ അവതരിപ്പിച്ചത്. സംവരണരാജാവായി അമ്മന്നൂർ മാധവ് ചാക്യാർ രംഗത്തെത്തി. പി കെ ഹരീഷ് നമ്പ്യാർ, നേപത്ഥ്യ ജിനേഷ് നമ്പ്യാർ, വില്ലുവട്ടത്ത് ശ്രീരാജ് നമ്പ്യാർ, ഹർഷൻ നമ്പ്യാർ എന്നിവർ മിഴാവിലും, ഡോ. അപർണ്ണ നങ്ങ്യാർ, ഇന്ദിര നങ്ങ്യാർ, ദേവി നങ്ങ്യാർ എന്നിവർ താളത്തിലും, വിജയൻ മാരാർ ഇടയ്ക്കയിലും വാദ്യമേളമൊരുക്കി. കലാമണ്ഡലം സതീശൻ ചുട്ടി കൈകാര്യം ചെയ്തു.