തിരുവനന്തപുരം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധത്തിനിടെ ഡയസിലെത്തിയ മേയര്‍ ആര്യാ രാജേന്ദ്രനെ തടഞ്ഞ് ബിജെപി കൗണ്‍സിലര്‍മാര്‍. മേയറിന്റെ ഡയസിന് സമീപം കിടന്നായിരുന്നു ബിജെപി വനിതാ കൗണ്‍സിലര്‍മാര്‍ പ്രതിഷേധം. ഡയസിലേക്ക് കയറ്റില്ലെന്ന് പ്രഖ്യാപിച്ച ബിജെപി മേയര്‍ ഗോ ബാക്ക് ഫ്ലക്സും ഉയര്‍ത്തി.നഗരസഭയില്‍ പൊലീസ് രാജാണെന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. പ്രതിഷേധിച്ച യുഡിഎഫ് – എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. എന്നാല്‍ പ്രതിഷേധത്തിനിടയിലും മേയര്‍ ഡയസില്‍ എത്തി കൗണ്‍സില്‍ യോഗം ആരംഭിച്ചു.ഡയസില്‍ എത്തി പ്രതിഷേധിച്ച കൗണ്‍സിലര്‍മാരെ മേയര്‍ സസ്‌പെന്‍ഡ് ചെയ്തു. ഒമ്പത് കൗണ്‍സിലര്‍മാരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അജണ്ടകള്‍ പൂര്‍ത്തിയാക്കിയാണ് കൗണ്‍സില്‍ പിരിഞ്ഞത്. പിന്നാലെ നഗരസഭ കൗണ്‍സില്‍ ഹാളില്‍ ബിജെപി 24 മണിക്കൂര്‍ ഉപവാസം പ്രഖ്യാപിക്കുകയായിരുന്നു.അതേസമയം സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡി ആര്‍ അനിലിനെതിരെ കേസ് എടുക്കണമെന്ന് വി വി രാജേഷ് ആവശ്യപ്പെട്ടു. അനിലിനെതിരെ പരാതി നല്‍കുമെന്നും രാജേഷ് വ്യക്തമാക്കി