കണ്ണൂർ ചാല മാർക്കറ്റിൽ ലോറി നിയന്ത്രണംവിട്ട് പത്തോളം കടകൾ ഇടിച്ചു തകർത്തു. തിങ്കളാഴ്ച അർധരാത്രി 1.30നായിരുന്നു സംഭവം. പുലർച്ചെ പരിസരത്ത് ആളുകൾ ഇല്ലാതിരുന്ന സമയമായതിനാൽ വൻ ദുരന്തം ഒഴിവായി. പാലുമായി വന്ന ലോറി നിയന്ത്രണംവിട്ട് നാല് വൈദ്യുത തൂണുകളും ഇടിച്ചിട്ടു.ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഫാൻസികടകളും ബേക്കറി ഉൾപ്പെടെയുളളവയാണ് തകർത്തത്. കോഴിക്കോട് നിന്ന് പാലുമായി വന്ന വണ്ടി പന്നോന്നേരിയിൽ പാൽ വിതരണം ചെയ്ത് മടങ്ങവെയാണ് അപകടം.അപകടത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചതായി ഫാൻസി കടയുടമയായ ഷംസീർ എന്നയാൾ പറഞ്ഞു. വൈദ്യുതി പോസ്റ്റ് തകർന്ന് വീണയുടനെ സമീപവാസികൾ കെഎസ്ഇബിയിൽ വിവരമറിയിച്ചതിനെ തുടർന്ന് വൈദ്യുതി ഓഫാക്കി. സംഭവത്തെതുടർന്ന് എടക്കാട് പൊലീസ് എത്തി ഗതാഗതം നിയന്ത്രിച്ചു.