പാറശാല ഷാരോണ്‍ രാജ് വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മ കോടതിയില്‍ മൊഴിമാറ്റി. പൊലീസ് നിര്‍ബന്ധിച്ച് കുറ്റസമ്മതം നടത്തിച്ചെന്നാണ് മജിസ്‌ട്രേറ്റിന് രഹസ്യ മൊഴി നല്‍കിയത്. നെയ്യാറ്റിന്‍കര രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് വിനോദ് ബാബുവിന് മുമ്പാകെയാണ് രഹസ്യമൊഴി നല്‍കിയത്. അതേസമയം ഗ്രീഷ്മയുടെ റിമാന്‍ഡ് കാലാവധി ഡിസംബര്‍ 22 വരെ നീട്ടി. ഷാരോണിനെ ജ്യൂസില്‍ വിഷം കലര്‍ത്തി കൊന്നത് താനാണെന്ന് ഗ്രീഷ്മ നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു. പലതവണ ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കിയതയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണസംഘം നിര്‍ബന്ധിച്ചു കുറ്റസമ്മതം നടത്തിച്ചതായാണ് ഗ്രീഷ്മയുടെ ഇപ്പോഴത്തെ മൊഴി എന്നാണ് സൂചന. കുറ്റസമ്മതം നടത്തിയാല്‍ അമ്മയെയും അമ്മാവനെയും പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നതായും രഹസ്യമൊഴിയില്‍ പരാമര്‍ശം ഉണ്ട്. പക്ഷേ മറിച്ചാണ് സംഭവിച്ചത്. അതുകൊണ്ടാണ് ഇപ്പോള്‍ രഹസ്യ മൊഴി നല്‍കുന്നതെന്നും ഗ്രീഷ്മ മജിസ്‌ട്രേറ്റിനെ അറിയിച്ചു. ഇന്നലെ ഉച്ചയോടെ ആയിരുന്നു അട്ടക്കുളങ്ങര വനിത ജയിലില്‍ നിന്ന് അന്വേഷണസംഘം ഗ്രീഷ്മയുമായി നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിയത്. അഭിഭാഷകനുമായി രണ്ട് മിനിറ്റ് തനിച്ച് സംസാരിക്കാന്‍ ഗ്രീഷ്മക്ക് അവസരം നല്‍കിയ പോലീസ് രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനായി രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് വിനോദ് ബാബുവിന്റെ മുറിയില്‍ എത്തിച്ചു. പെന്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തണമോ എന്ന മജസ്‌ട്രേറ്റിന്റെ ചോദ്യത്തിന് ഗ്രീഷ്മ വേണമെന്ന് മറുപടി നല്‍കിയതോടെ വീഡിയോ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയാണ് മജിസ്‌ട്രേറ്റിന്റെ മുറിയില്‍ വച്ച് രഹസ്യമൊഴി രേഖപ്പെടുത്തിയത്.