Local

പോലീസ് ചമഞ്ഞ് ആളുകളെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ പ്രതി പിടിയിൽ.

Published

on

പോലീസാണെന്നു പറഞ്ഞ് ആളുകളെ ഭീഷണിപ്പെടുത്തുകയും, യുവാവിന്‍റെ മൊബൈൽഫോൺ കവർച്ച ചെയ്യുകയും ചെയ്ത വിരുതൻ ഈസ്റ്റ് പോലീസിന്‍റെ പിടിയിലായി. വടക്കാഞ്ചേരി കുമരനെല്ലൂർ കിഴക്കേ പീടികയിൽ വീട്ടിൽ ഷഹബാസ് (23) ആണ് പിടിയിലായത്. തൃശൂർ തേക്കിൻകാട് മൈതാനിയിലും സ്വരാജ് റൌണ്ടിലും, ചിൽഡ്രൻസ് പാർക്കിലും പരിസരത്തും നിരീക്ഷണം നടത്തി ഒറ്റക്ക് ഇരിക്കുന്നവരേയും, കാത്തുനിൽക്കുന്നവരേയും കണ്ടെത്തി, പോലീസാണെന്നുപറഞ്ഞ് അവരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്നതാണ് ഇയാളുടെ രീതി.

ഇക്കഴിഞ്ഞ ദിവസം തേക്കിൻകാട് മൈതാനിയിൽ ഒറ്റക്ക് ഇരിക്കുകയായിരുന്ന അരിമ്പൂർ പരയ്കാട് സ്വദേശിയായ യുവാവിനെ പോലീസാണെന്നുപറഞ്ഞ് ഇയാൾ ഭീഷണിപ്പെടുത്തുകയും, കഞ്ചാവു കേസിൽ പെടുത്തുമെന്നും മറ്റും പറഞ്ഞ് പണം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പണം ഇല്ലെന്നു മനസ്സിലായപ്പോൾ ഇയാളുടെ കൈവശമുണ്ടായിരുന്ന 25000 രൂപ വില വരുന്ന മൊബൈൽഫോൺ കവർച്ച ചെയ്ത് മുങ്ങുകയും ചെയ്തു.

ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തൃശൂർ നഗരത്തിൽ സ്ഥാപിച്ചിരുന്ന ക്യാമറകളിൽ ഇയാളുടെ ചിത്രം വ്യക്തമായിരുന്നു. ഇത് പ്രതിയെ തിരിച്ചറിയാൻ സഹായകമായി. സമാനമായ കുറ്റകൃത്യത്തിന് ഇയാൾക്കെതിരെ വടക്കാഞ്ചേരി, ചെറുതുരുത്തി പോലീസ് സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. ലാൽകുമാർ, സബ് ഇൻസ്പെക്ടർ കെ. ഉമേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ദുർഗ്ഗാലക്ഷ്മി, സിവിൽ പോലീസ് ഓഫീസർമാരായ പി. ഹരീഷ് കുമാർ, ദീപക് വി.ബി, സിബിൻ വി.കെ എന്നിവരാണ് അന്വേഷണ സംഘാംഗത്തില്‍ ഉണ്ടായിരുന്നത്.

Advertisement

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version