ആലപ്പുഴ ദേശീയപാതയിൽ നീർകുന്നത്തിനു സമീപമാണ് നടന്നത്. എറണാകുളത്തുനിന്നും ബൈക്കിൽ കൊട്ടാരക്കരയിലേക്ക് യാത്രചെയ്തിരുന്ന പാലാരിവട്ടം സ്വദേശിയാണ് ബൈക്ക് മറിഞ്ഞ് അപകടത്തിൽപെട്ട് റോഡിൽ കിടന്നിരുന്നത്. അതിരാവിലെ ആയിരുന്നതിനാൽ റോഡിൽ മറ്റാരും ഇല്ലായിരുന്നു. കൈകാലുകളിലും മുഖത്തും പരിക്കേറ്റയാളുടെ മുറിവുകളിൽ നിന്നും മൂക്കിൽ നിന്നും ചോരവാർന്നൊഴുകുകയായിരുന്നു. അതേസമയത്താണ് ഇതുവഴി എത്തിയ നീർക്കുന്നം സ്വദേശിയും തൃശൂർ സിറ്റി ഹെഡ്കോർട്ടേഴ്സിലെ സീനിയർ സിവിൽ പോലീസ് ഓഫീസറുമായ മുനീർ റോഡിൽ ചോരയൊലിച്ചുകിടക്കുയാളെകണ്ടത്. ഉടൻതന്നെ തൻെറ കൂട്ടുകാരനായ ഓട്ടോറിക്ഷ ഡ്രൈവറെ ഫോണിൽ ബന്ധപെട്ട് വിളിച്ചുവരുത്തി പരിക്കേറ്റയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയും പിന്നീട് ബന്ധുക്കളെ അറിയിക്കുകയും ചെയ്തു. ബന്ധുക്കൾ ആശുപത്രിയിൽ എത്തിയ ശേഷമാണ് മുനീർ വീട്ടിലേക്കു മടങ്ങിയത്. മുഖത്തും കൈകളിലും കാലിലും പരിക്കുപറ്റിയ ഗൃഹനാഥനും കുടുംബവും മുനീറിനോട് ഏറെ നന്ദി അറിയിക്കുകയും ചെയ്തു.
ഇക്കാര്യം അറിഞ്ഞ തൃശൂർ സിറ്റിപോലീസ് മേധാവി മുനീറിനെ അഭിനന്ദിക്കുകയും സത്പ്രവൃത്തിക്ക് പ്രശസ്തി പത്രം നൽകുകയും ചെയ്തു.