Kerala

ബോധരഹിതയായി കിടന്ന യുവതിയുടെ ജീവന്‍ രക്ഷിച്ച് പോലീസുകാര്‍

Published

on

രക്തസമ്മര്‍ദത്തെ തുടര്‍ന്ന് ബോധരഹിതയായി റോഡരികിൽ കിടന്ന യുവതിയുടെ ജീവന്‍ രക്ഷിച്ച് പോലീസുകാര്‍. ഇടുക്കി കൊച്ചുകരിന്തരുവി പോസ്റ്റ് ഓഫീസിലെ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റര്‍ ഒന്‍പതേക്കര്‍ മണ്ഡപത്തില്‍ കുന്നേല്‍ അഞ്ജലിക്കാണ് കുട്ടിക്കാനം പോലീസ് ക്യാമ്പിലെ അസി. കമാന്‍ഡന്റ് പി.ഒ. റോയി, സിപിഒമാരായ പ്രകാശ് എം., ദീപക് രാജന്‍ എന്നിവര്‍ രക്ഷകരായത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം. ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വരുന്നതിനിടെ ചീന്തലാര്‍ ഫാക്ടറിക്കുസമീപം അഞ്ജലി രക്തസമ്മര്‍ദം കുറഞ്ഞ് സ്‌കൂട്ടിയുമായി മറിഞ്ഞുവീഴുകയായിരുന്നു. പോലീസ് റിക്രൂട്ട്മെന്റിന്റെ ഭാഗമായി മേരികുളത്തുനടന്ന കായികക്ഷമത പരീക്ഷയ്ക്ക് മേല്‍നോട്ടം നല്‍കി മടങ്ങുകയായിരുന്ന കുട്ടിക്കാനം ക്യാമ്പിലെ പോലീസുകാര്‍ അപകടം സ്ഥലത്തെത്തുകയും അഞ്ജലിയെ ഉടന്‍ ആശുപത്രിയിലേക്ക് എത്തിക്കുകയുമായിരുന്നു. സ്‌കൂട്ടി അഞ്ജലിയുടെ ദേഹത്ത് വീണുകിടക്കുന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്. പോലീസ് സംഘം ഉടന്‍ തന്നെ അവരെ ഉപ്പുതറ സിഎച്ച്‌സിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കുകയായിരുന്നു. പിന്നിട് അവരുടെ ബന്ധുക്കളേയും വിവരം അറിയിച്ചു. ബന്ധുക്കളെത്തി വിദഗ്ധ ചികിത്സയ്ക്ക് കൊണ്ടുപോയ ശേഷമാണ് പോലീസുകാര്‍ മടങ്ങിയത്. സ്‌കൂട്ടിയില്‍ നിന്ന് വീണ് കൈക്ക് പൊട്ടല്‍ അടക്കം പരിക്കേറ്റ യുവതി നിലവില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version