Crime

” കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വ്വം ” കോടതി

Published

on

കോവളത്ത് വിദേശ വനിതയെ ലഹരിവസ്തു നല്‍കി ബലാത്സംഗം ചെയ്ത് പീഡിപ്പിച്ച് കൊന്ന കേസില്‍ പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തം തടവും പിഴയും. 1,65,000 രൂപയാണ് പിഴ. പ്രതികളായ ഉമേഷ്, ഉദയകുമാര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. കൊലനടന്ന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധിപ്രസ്താവമുണ്ടാകുന്നത്. പ്രതികള്‍ക്കെതിരെ ചുമത്തിയ കൊലപാതകം, ബലാത്സംഗം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞിരുന്നു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. സാഹചര്യതെളിവ് മാത്രമുള്ള കേസാണ് ഇതെന്നും പ്രതികളുടെ പ്രായം പരിഗണിക്കണമെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. 2018 ലായിരുന്നു കേസിനാസ്പദമായ സംഭവം. ആയുര്‍വേദ ചികിത്സക്കായി കോവളത്ത് എത്തിയ വിദേശ വനിതയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച് കൊലപെടുത്തുകയായിരുന്നു. പോത്തന്‍കോട്ടെ ആയൂര്‍വേദ ചികിത്സാ കേന്ദ്രത്തില്‍ നിന്നിറങ്ങി കോവളം ബീച്ചിലെത്തിയ ലാത്വിയന്‍ യുവതിയെ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേന പ്രതികള്‍ ആളൊഴിഞ്ഞ കണ്ടല്‍ക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി, ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2018 മാര്‍ച്ച് 14ന് യുവതിയെ കാണാതായതിനെ തുടര്‍ന്ന് സഹോദരി പൊലീസില്‍ പരാതി നല്‍കി. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ 37 ദിവസത്തിന് ശേഷമാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും പരമാവധി ശേഖരിച്ചുകൊണ്ടായിരുന്നു അന്വേഷണം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version