വയനാട് സുൽത്താൻ ബത്തേരി നഗരത്തിൽ ഭീതി വിതച്ച കാട്ടാനയെ മയക്കുവെടി വച്ചു. കുപ്പാടി വനമേഖലയിൽ വച്ചാണ് കാട്ടാനയെ മയക്കുവെടി വച്ചത്. കാട്ടാനയെ മുത്തങ്ങയിലേക്കെത്തിക്കുമെന്നാണ് വനംമന്ത്രി നൽകുന്ന വിവരം. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അരസിരാജ എന്ന് പേരുള്ള പി എം2 എന്ന കാട്ടാന ബത്തേരി നഗരത്തിൽ ഇറങ്ങിയത്. ജനങ്ങൾക്ക് വലിയ ഭീതി പടർത്താൻ തുടങ്ങിയതോടെ നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.ആന നഗരത്തിലിറങ്ങി മൂന്നാം ദിവസമാണ് വനംവകുപ്പിന് മയക്കുവെടി വയ്ക്കാനുള്ള അനുമതി കിട്ടുന്നത്. ഇന്നലെ മയക്കുവെടി വയ്ക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.തുടർന്ന് ഇന്ന് രാവിലെ 9 മണിയോടെയാണ് കാട്ടാനയെ മയക്കുവെടി വയ്ക്കാനായത്. നിലവിൽ ആനയെ വടം ഉപയോഗിച്ച് തളച്ചിരിക്കുകയാണ്.