കൊച്ചി വൈപ്പിനിൽ അമ്മയും മകനും നടക്കുന്ന വഴിയിലെ സ്ലാബ് ഇടിഞ്ഞു കാനയിൽ വീണു. വൈപ്പിൻ ജങ്കാറിൽ ടിക്കറ്റ് എടുത്ത് തിരിച്ച വരുമ്പോഴാണ് അപകടം. അത്താണി ചെങ്ങമനാട് സ്വദേശികളായ നൗഫിയ മൂന്നര വയസ്സുകാരൻ റസൂൽ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ചുറ്റും ഉണ്ടായിരുന്ന ആളുകളുടെ സമയബന്ധിതമായ ഇടപെടലാണ് വലിയൊരു അപകടത്തിൽ നിന്നും അമ്മയെയും കുഞ്ഞിനേയും രക്ഷപെടുത്തിയത്. ഫോർട്ട് കൊച്ചിയിലേക്കു പോകുന്നതിനായി ടിക്കറ്റ് എടുത്ത് തിരിച്ചുവരുമ്പോഴായിരുന്നു അപകടം. സ്ലാബ് ഇടിഞ്ഞു ഇരുവരും മലിന ജലം ഒഴുകുന്ന കാനയിലേക്ക് വീണു. സ്ലാബ് നേരത്തെ തന്നെ പോയിരിക്കുകയായിരുന്നു. ഇത് അമ്മയുടെ ശ്രദ്ധയിൽപെടാത്തതായിരുന്നു അപകടത്തിന് കാരണം. പരിക്കേറ്റ ഇരുവരെയും ഫോർട്ട് കൊച്ചി താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാന തകരുന്ന സംഭവങ്ങൾ നിലവിൽ കൊച്ചിയിൽ സ്ഥിരമായ കാഴ്ചയാണ്.