Kerala

ശബരിമല പൂങ്കാവന പ്രദേശം മദ്യ-മയക്കുമരുന്ന് വിമുക്ത മേഖലയായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

Published

on

നവംബര്‍ 14 മുതല്‍ 2023 ജനുവരി 22 വരെ റാന്നി താലൂക്കിലെ പെരുനാട് വില്ലേജില്‍ ഉള്‍പ്പെടുന്ന ചാലക്കയം, പമ്പ, പമ്പ റിവര്‍, ത്രിവേണി, കരിമല, ചെറിയാനവട്ടം, വലിയാനവട്ടം, നീലിമല, ശബരിപീഠം, മരക്കൂട്ടം, സന്നിധാനം, കുമ്പളാംതോട്, ഒരക്കുഴി, പ്ലാപ്പളളി, നിലയ്ക്കല്‍, അട്ടത്തോട്, കൊല്ലമൂഴി എന്നീ ഭാഗങ്ങളിലും കൊല്ലമുള വില്ലേജിലെ പമ്പാവാലി (അരയാഞ്ഞിലിമൂട് ഒഴികെ) എന്നീ പ്രദേശങ്ങളിലും മദ്യം, മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങള്‍ എന്നിവയുടെ വില്‍പ്പന, വിപണനം, ഉപഭോഗം എന്നിവ നിരോധിച്ചാണ് ഉത്തരവ്. ശബരിമല, പമ്പ, നിലയ്ക്കല്‍ പ്രദേശങ്ങളിലേക്ക് കടന്നുവരുന്ന തീര്‍ഥാടകരും, കച്ചവടക്കാരും, മറ്റെല്ലാ ജനവിഭാഗങ്ങളും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. ശബരിമല മണ്ഡല, മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് സന്നിധാനം, നിലയ്ക്കല്‍, പമ്പ എന്നീ താല്‍ക്കാലിക റേഞ്ച് ഓഫീസുകളുടെ പ്രവര്‍ത്തനം ആരംഭിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ശബരിമല ഉത്സവത്തിന് മുന്നോടിയായി പമ്പ, നിലയ്ക്കല്‍, അട്ടത്തോട്, ആങ്ങമൂഴി, ഗവി, കോന്നി, റാന്നി താലൂക്കുകളിലെ വനപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ എക്സൈസ്, പോലീസ്, ഫോറസ്റ്റ് എന്നീ വകുപ്പുകള്‍ സംയുക്ത റെയ്ഡുകള്‍ സംഘടിപ്പിച്ചുവരുന്നു.ശബരിമല പൂങ്കാവന പ്രദേശത്ത് മദ്യനിരോധനം സംബന്ധിച്ച് വിവിധ ഭാഷകളിലുളള മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
മണ്ണാറക്കുളഞ്ഞി മുതല്‍ പമ്പ വരെ എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 24 മണിക്കൂറും വാഹനപരിശോധന ഏര്‍പ്പെടുത്തി. കൂടാതെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ രണ്ട് സ്ട്രൈക്കിംഗ് യൂണിറ്റുകളേയും എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുണ്ട്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ താല്‍ക്കാലിക റേഞ്ച് ഓഫീസുകളോടൊപ്പം തന്നെ പമ്പ കേന്ദ്രീകരിച്ച് അസി. എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ എക്സൈസ് കണ്‍ട്രോള്‍ റൂമും നവംബര്‍ 14 മുതല്‍ പ്രവര്‍ത്തിക്കും. മദ്യം, മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ ജില്ലാ കണ്‍ട്രോള്‍ റൂം നമ്പരായ 0468-2222873 ല്‍ കൈമാറാമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി.എ. പ്രദീപ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version