എരുമപ്പെട്ടി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിക്ക് പാമ്പ് കടിയേറ്റതായി സംശയം. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്കാണ് പാമ്പുകടിയേറ്റതായി സംശയിക്കുന്നത്. കാലിൽ മുറിവേറ്റ കുട്ടിയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശാരീരിക അസ്വസ്ഥതകളൊന്നും അനുഭവപ്പെടുന്നില്ലെങ്കിലും 24 മണിക്കൂർ നിരീക്ഷണത്തിൽ വച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. സ്കൂൾ വളപ്പിൽ കൂട്ടുകാരോടൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടിയിൽ പന്ത് ദൂരേക്ക് പോയി എന്നും ആ സമയം കുട്ടിയുടെ കാലിലൂടെ പാമ്പിഴഞ്ഞെന്നാണ് കുട്ടി പറയുന്നത്. ക്ലാസ് മുറിയിലെത്തി കാൽ പരിശോധിച്ചപ്പോഴാണ് കടിയേറ്റ രീതിയിൽ അടയാളം കണ്ടത്. ഉടൻ തന്നെ അധ്യാപകർ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.