എല്ലാ യാത്രക്കാരും കയറി ബസ് എടുക്കുന്നതിന് തൊട്ടുമുമ്പ് മാത്രമേ വിദ്യാർഥികളെ കയറാൻ അനുവദിക്കൂ. ചിലപ്പോൾ മുന്നോട്ടെടുത്ത ശേഷം ചാടി കയറണം. കയറിയാൽ സീറ്റുണ്ടെങ്കിലും ഇരിക്കാനു അനുവദിക്കില്ല. സ്വകാര്യ ബസുകൾ വിദ്യാർഥികളോട് കാണിക്കുന്ന ക്രൂരതയും വിവേചനവും നിത്യ സംഭവമാണെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടി പേരിന് മാത്രമേ ഉണ്ടാകാറുള്ളൂ.ബുധനാഴ്ച കണ്ണൂർ തലശ്ശേരിയിൽ ബസിൽ കയറ്റാതെ കുട്ടികളെ മഴയത്ത് നിർത്തിയതിന്റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടർന്ന് പോലീസും മോട്ടോർ വാഹന വകുപ്പും നടപടി എടുത്തിരിക്കുകയാണ്. ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ എസ്ഫ്ഐയുടെ നേതൃത്വത്തിലും മറ്റും പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് അധികൃതർ നടപടിയെടുക്കാൻ തയ്യാറായത്.9500 രൂപ പിഴ ഈടാക്കിയ ശേഷം മോട്ടോർ വാഹന വകുപ്പ് ബസ് ഇന്ന് വിട്ടയച്ചു. പ്രതിഷേധങ്ങൾക്ക് പിന്നാലെ സംഭവ ദിവസം പോലീസ് വാഹനം കസ്റ്റഡിയിലെടുത്തിരുന്നു. ഇത്തരത്തിലുള്ള സംഭവം ആവർത്തിരുതെന്ന് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയ ശേഷമാണ് വാഹനം വിട്ടയച്ചതെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കി.സംസ്ഥാനത്ത് പലയിടത്തും സമാനമായ രീതിയിൽ തന്നെയാണ് വിദ്യാർഥികളോട് സ്വകാര്യ ബസ് ജീവനക്കാർ പെരുമാറുന്നതെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് പ്രതിഷേധങ്ങൾ നടക്കുമ്പോൾ മാത്രമാണ് നടപടിയുണ്ടാകാറുള്ളതെന്ന് വിദ്യാർഥി സംഘടനകൾ പറയുന്നു. സർക്കാർ പ്രഖ്യാപിച്ച കൺസെഷൻ നിരക്കിനേക്കാൾ കൂടുതലാണ് പല ബസുകാരും വിദ്യാർഥികളിൽ നിന്ന് ഈടാക്കുന്നതെന്ന ആരോപണങ്ങളുമുണ്ട്.