കാഹള കേളി എന്ന പേരിൽ ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ വച്ച് കൊമ്പ് വാദ്യത്തിൽ പ്രശസ്ത യുവ കൊമ്പ് കലാകാരനും ഗുരുവായൂർ ക്ഷേത്രത്തിലെ മദ്ദളം അടിയന്തര പ്രവർത്തിക്കാരനുമായ മച്ചാട് പത്മകുമാറും, കലാകാരൻ കൊരട്ടിക്കര ബാബുവും, ഇലത്താളം കലാകാരനായ ഗുരുവായൂർ ഹരി കൃഷ്ണനും, ചേർന്നാണ് കാഹള കേളി അവതരിപ്പിച്ചത് .ഗുരുവായൂർ ദേവസ്വം ഭരണ സമിതി അംഗങ്ങളും, ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ക്ഷേത്രം ഊരാളൻ ബ്രഹ്മശ്രീ. മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, | വാദ്യകലാ പ്രതിഭകൾ വാദ്യകലാ ആസ്വാദകർ, എന്നിവരുടെ വിശിഷ്ട സാന്നിദ്ധ്യത്തിലാണ് ഭദ്രദീപം കൊളുത്തി കാഹളകേളിയെന്ന കലാരൂപം അരങ്ങേറിയത്. മദ്ദളകേളി തുടങ്ങുന്നതുപോലെത്തന്നെ അലങ്കാരക്കൈകൊട്ടി വെച്ച ശേഷം കേളിയുടെ മുഖം തുടങ്ങുന്നു. കൊമ്പും മദ്ദളവും ഒരുമിച്ചാണ് മുഖം തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും. മുഖം കഴിഞ്ഞാൽ ചെമ്പട വട്ടം തുടങ്ങുന്നത് കൊമ്പിലാണ്. ചെമ്പട വട്ടത്തിൽ മൂന്ന് എണ്ണങ്ങൾ മാറി മാറി കൊട്ടി ചെമ്പട വട്ടം കലാശിച്ച് കൂട്ടിപ്പെരുക്കൽ കൊട്ടി കഴിഞ്ഞാൽ മുറുകിയ പഞ്ചാരിക്കൂറ് തുടങ്ങുമ്പോൾ പഞ്ചാരി കൂറിലെ മുഖം കൊമ്പിൽ തുടങ്ങുന്നു.സാധാരണ കേളി പോലെത്തന്നെ മുറുകിയ പഞ്ചാരിക്കൂറിലും 3 എണ്ണങ്ങൾ കൊട്ടി പഞ്ചാരിക്കൂറ് കലാശിക്കുന്നു. തുടർന്ന് ഇടവട്ടം, മൂന്നാം വട്ടം മുറുകിയ നില എന്നിവയെല്ലാം മദ്ദളകേളിക്ക് കൊട്ടുന്ന പോലെ കൊട്ടി കാലം മുറുകി കേളി കലാശിക്കുന്നു. കേളി കലാശിച്ചാൽ കൊട്ടുന്ന വാൽ കഷണം കൂടി അതേ രൂപത്തിൽ കൊമ്പും മദ്ദളവും കൂടികൊട്ടി കാണിക്കുന്നുണ്ട്. ചെമ്പട വട്ടം, കൂട്ടിപ്പെരുക്കൽ കൂറ്, ഇടവട്ടം, മൂന്നാം വട്ടം മുറുകിയ നില തുടങ്ങി കേളിക്ക് കൊട്ടുന്ന എല്ലാം അതേ പോലെ തന്നെ അവതരിപ്പിക്കുന്നുണ്ട്. എല്ലാം ആദ്യം തുടങ്ങുന്നത് കൊമ്പിലാണ്. അതുകൊണ്ട് തന്നെ ആയിരിക്കാം ഈ കലാരൂപത്തിന് കാഹള കേളി എന്ന പേര് വന്നത്.