മലപ്പുറം: മഞ്ചേരിയില്‍ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു. മേലാക്കം സ്വദേശി നാരങ്ങാത്തൊടി കുഞ്ഞിമുഹമ്മദ് (65) ആണ് കൊല്ലപ്പെട്ടത്. ഭാര്യ നഫീസയുടെ കറിക്കത്തികൊണ്ടുളള ആക്രമണത്തിലാണ് കുഞ്ഞിമുഹമ്മദിന് കുത്തേറ്റത്. വാക്കു തര്‍ക്കത്തിനിടെ നഫീസ കയ്യിലിരുന്ന കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. കത്തികൊണ്ടുളള കുത്തില്‍ ആഴത്തിലുളള മുറിവേറ്റിരുന്നു. വിവരം അറിഞ്ഞ് ഓടിക്കൂടിയ അയല്‍ക്കാര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ഭാര്യ നഫീസ കാലങ്ങളായി മാനസിക രോഗ ചികിത്സയിലാണ്. ദമ്പതികള്‍ക്ക് നാലു മക്കളുമുണ്ട്. സംഭവ സ്ഥലത്തു നിന്ന് ആക്രമണത്തിന് ഉപയോഗിച്ച കറിക്കത്തി കണ്ടെടുത്തു. മൃതദേഹം പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നഫീസയും കുഞ്ഞിമുഹമ്മദും തമ്മില്‍ പതിവായി വഴക്കിട്ടിരുന്നതായാണ് അയല്‍ക്കാര്‍ പറയുന്നത്. കസ്റ്റഡിയിലെടുത്ത നഫീസയെ പൊലീസ് ചോദ്യം ചെയ്തു.