ചായയിൽ മധുരമില്ലെന്ന് പറഞ്ഞ് ഹോട്ടലുടമയെ യുവാവ് കുത്തിവീഴ്ത്തി. മലപ്പുറം താനൂർ ടൗണിലെ ടി.എ. റെസ്റ്റോറന്റ് ഉടമ മനാഫിനാണ് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ മനാഫിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയായ തങ്ങൾകുഞ്ഞിമാക്കാനകത്ത് സുബൈറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന്.പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. ചായ കുടിക്കാനെത്തിയ സുബൈർ ചായയിൽ മധുരം കുറവാണെന്ന് പറഞ്ഞ് ഹോട്ടലുടമയായ മനാഫുമായി തർക്കമുണ്ടായി. തുടർന്ന് ഹോട്ടലിൽനിന്ന് മടങ്ങിയ ഇയാൾ അല്പസമയത്തിന് ശേഷം കത്തിയുമായി വന്ന് ഹോട്ടലുടമയെ കുത്തുകയായിരുന്നു. മനാഫിനെ പ്രതി പലതവണ കുത്തിയെന്നാണ് വിവരം. ഇതിൽ ഒരു മുറിവ് ആഴത്തിലുള്ളതാണ്.
ഗുരുതരമായി പരുക്കേറ്റ മനാഫിനെ ആദ്യം തിരൂർ ജില്ലാ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. ഇവിടെനിന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തിൽ പ്രതിഷേധിച്ച് താനൂരിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണി വരെ വ്യാപാരികൾ ഹർത്താൽ ആചരിക്കുകയാണ്.